അപകടത്തിൽപ്പെടുന്നതിന് മാസങ്ങൾ മുമ്പ് ജർമൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ മൈക്കൽ ഷുമാക്കർ പറഞ്ഞു, എല്ലാത്തവണയും താൻ റേസിങ് നടത്തുമ്പോൾ കോറിനയാണ് എന്റെ കാവൽ മാലാഖ. 2013 ഡിസംബറിൽ ഫ്രഞ്ച് ആൽപ്സിൽ മകൻ മൈക്കിനൊപ്പം സ്കീയിങ് നടത്തുമ്പോൾ തലയിടിച്ചുവീണ് അബോധാവസ്ഥയിലേക്ക് പോയ ഫോർമുല വൺ ഇതിഹാസത്തെയും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയെയും ആ കാവൽമാലാഖ ഇതുവരെ കൈവിട്ടിട്ടില്ല. ആറ് വർഷമായി ഷുമാക്കർക്കൊപ്പം അവരുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുന്ന ഇതിഹാസത്തിനൊപ്പം. 1995 ഓഗസ്റ്റിലാണ് കോറിന ബെറ്റ്സ് മൈക്കൽ ഷുമാക്കറിന്റെ ജീവിതപങ്കാളിയാകുന്നത്. ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഏഴ് വട്ടം ലോകചാമ്പ്യനായ ഷുമാക്കറിന്റെ കുടുംബജീവിതം കോറിനയുടെ തണലിൽ ശാന്തമായിരുന്നു. വിവാഹത്തിനുശേഷം ആറ് തവണയാണ് ലോകചാമ്പ്യൻപട്ടം സ്വന്തമായത്. ഫെരാരിയിലും മെഴ്സിഡസിലും വേഗവിസ്മയം തീർക്കാനുമായി. പ്രശസ്തിയുടെയും സമ്പന്നതയുടെയും ഉയരങ്ങളിൽ നിന്നാണ് അബോധത്തിലേക്ക് താരം വീണുപോയത്. 2013 ഡിസംബർ 29-നുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഷുമാക്കർ ആറ് മാസം അബോധാവസ്ഥയിലായിരുന്നു. 2014 ഡിസംബറിൽ സ്വിറ്റ്സർലൻഡിലെ വീട്ടിലേക്ക് മാറ്റി. സ്വകാര്യ മെഡിക്കൽ സംഘമാണ് ചികിത്സ നടത്തുന്നത്. അപകടകരമായ റേസിങ്ങിൽ കാവൽമാലാഖയെപ്പോലെ കാത്ത കോറിന അപകടത്തിന് ശേഷം ഭർത്താവിന്റെ പരിചരണം ഏറ്റെടുത്തു. ചികിത്സയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചു. വാർത്തകൾക്ക് ഇടം നൽകിയില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കുമാത്രം കാണാൻ അവസരം നൽകി. അതേസമയം, കിട്ടാവുന്ന മികച്ച ചികിത്സ സാധ്യമാക്കി. കഴിഞ്ഞ ജനുവരിയിൽ ഷുമാക്കറിനെ സെൽ തെറാപ്പിക്കായി ജർമനിയിൽ കൊണ്ടുവന്നതായി വാർത്തകളുണ്ടായിരുന്നു. ഷുമാക്കർ ഓടിച്ച കാറുകൾ പോലെ വേഗത്തിൽ ആറ് വർഷങ്ങൾ കഴിഞ്ഞു. അതിനേക്കാൾ വേഗത്തിലാകും ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ കോറിന നടത്തുന്ന പോരാട്ടങ്ങൾ. അതിന് സാക്ഷി അവർക്കിടയിലെ സ്നേഹം മാത്രം. Content Highlights:Love story of Michael Schumacher and wife Corrine
from mathrubhumi.latestnews.rssfeed https://ift.tt/3bB3V0f
via
IFTTT