കോട്ടയം: ഇക്കൊല്ലവും പതിവുതെറ്റാതെ ജൂൺ മാസം തുടങ്ങിയപ്പോൾ ജോസഫ് ചാണ്ടി കേരളത്തിലെത്തി. അമേരിക്കൻ മലയാളിയായ അദ്ദേഹത്തിന്റെ വരവിനായി ആയിരങ്ങളാണ് 23 വർഷമായി കാത്തിരിക്കുന്നത്. അവരിൽ ഏറെപ്പേരും വിദ്യാർഥികൾ. പിന്നെ അനാഥരും വിധവകളും അശരണരും. കോട്ടയം അയർക്കുന്നം പുന്നത്തുറ സ്വദേശിയാണ് 75-കാരനായ ജോസഫ് ചാണ്ടി. രോഗങ്ങളുടെ അകമ്പടിയിലാണ് ജീവിതം. ഒാപ്പൺ ഹാർട്ട് സർജറി, സീറോ പാൻക്രിയാസ്, അഞ്ചുനേരം ഇൻസുലിൻ കുത്തിവെപ്പ്. എന്നിട്ടും നാട്ടിലെത്തി കാരുണ്യപ്രവർത്തനം നടത്തി മടങ്ങിപ്പോകും. 10 മാസം വീണ്ടും അധ്വാനിക്കും, അടുത്ത വർഷത്തേക്കുള്ള ഫണ്ടുണ്ടാക്കാൻ. 41 വർഷമായി അമേരിക്കയിലെത്തിയിട്ട്. കോട്ടയം ജില്ലാ ബാങ്കിലെ മാനേജർ ജോലിയിൽനിന്ന് അവധിയെടുത്ത് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ 60,000 രൂപ പ്രൊവിഡന്റ് ഫണ്ടിൽനിന്ന് വായ്പയെടുത്ത് ബാങ്കിൽ നിക്ഷേപിച്ചു. അതിന്റെ പലിശ കൊണ്ട് സാധുകുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടാണ് പോയത്. തുടക്കം അതായിരുന്നു. 'അമേരിക്കയിൽ നഴ്സായിരുന്ന മൂവാറ്റുപുഴക്കാരി മേരി മാത്യുവുമായി 1977-ലായിരുന്നു വിവാഹം. പിറ്റേവർഷം അമേരിക്കയിലേക്ക് പോയി. ഭാര്യയ്ക്ക് നല്ലൊരു ജോലിയുണ്ടായിരുന്നതിനാൽ എനിക്ക് കിട്ടുന്ന ശമ്പളം സാധുക്കൾക്കായി മാറ്റിവയ്ക്കാനായി'- ജോസഫ് ചാണ്ടി പറയുന്നു. നാട്ടിലുള്ള രണ്ടു വീടുകൾ വിറ്റ പണവും സഹായഫണ്ടിലേക്കിട്ടു. ഒമ്പതു കോടി മുപ്പതു ലക്ഷം രൂപയാണ് ഇതിനകം സാധുക്കൾക്കായി നൽകിയത്. എം.കോം ബിരുദധാരിയായ ജോസഫ് അമേരിക്കയിൽ എം.ബി.എ. പൂർത്തിയാക്കി. 1981 മുതൽ ലൈസൻസുള്ള റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ്. ബിസിനസിൽനിന്നുള്ള വരുമാനം മുഴുവൻ സ്കോളർഷിപ്പായി കേരളത്തിലെ എല്ലാ ജില്ലകൾക്കും ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലേക്കും നൽകിവരുന്നു. തുടക്കത്തിൽ നാട്ടിലുള്ള ചിലരെ ചുമതല ഏൽപ്പിച്ചാണ് അമേരിക്കയ്ക്ക് പോയത്. വർഷങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അറിയുന്നത്, അവരാരും താൽപ്പര്യം കാണിച്ചില്ലെന്ന്. അതോടെ രണ്ട് ട്രസ്റ്റുകൾ രൂപവത്കരിച്ചു. അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷനും ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റും. എല്ലാ ജില്ലയിലും കോ-ഒാർഡിനേറ്റർമാരുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള, പഠിക്കാൻ സമർഥർക്കാണ് സ്കോളർഷിപ്പ് നൽകുക. പന്തീരായിരം സ്കൂൾ വിദ്യാർത്ഥികൾക്കും ആയിരം കോളേജ് വിദ്യാർഥികൾക്കും ഇപ്പോൾ സഹായം നൽകുന്നു. സ്കൂൾ വിദ്യാർഥിക്ക് 500 രൂപയും കോളേജ് വിദ്യാർഥിക്ക് 1500 രൂപയുമാണ് നൽകുന്നത്. ഇതുവരെ 2,90,000 വിദ്യാർഥികൾക്ക് നൽകി. വിവാഹസഹായം, ഭവന നിർമാണം, ചികിത്സാസഹായം തുടങ്ങിയവ ഇതിനുപുറമേയാണ്. മഹാത്മാഗാന്ധി ഗ്ളോബൽ അവാർഡ്, മദർ തെരേസ ഫൗണ്ടേഷൻ അവാർഡ് എന്നിവയുൾപ്പെടെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജോസഫ് ചാണ്ടിക്ക് പിന്തുണയുമായി ഭാര്യയും മക്കളും ഒപ്പമുണ്ട്. പെൺമക്കൾ ജെയ്നിയും നാൻസിയും വിവാഹിതരാണ്. മകൻ ജോഷി ജോസഫ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. എല്ലാവരും അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസം. Content Highlights:joseph chandy giving scholarship for three lakh students
from mathrubhumi.latestnews.rssfeed http://bit.ly/2J5DSRg
via
IFTTT