തൃശ്ശൂർ: കുറച്ച് മാസം മുമ്പ് വിയ്യൂർ ജയിലിലെ ഒരു തടവുകാരന്റെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇരുപത് മോഷണക്കേസുകളിൽ പ്രതിയായ എറണാകുളം സ്വദേശിയാണ് കക്ഷി. ചോദ്യം ചെയ്തു, എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ...? ഇല്ല സാറെ ഒന്നുമില്ല... ഉടുതുണിയില്ലാതെ ദേഹം മുഴുവൻ പരിശോധിച്ചു. ഒന്നും കിട്ടിയില്ല. വെളിക്കിരുത്തി നോക്കി, രക്ഷയില്ല. സംശയം തീരാതെ ഉദ്യോഗസ്ഥർ പ്രതിയെ ആശുപത്രിയിലെത്തിച്ചു. സ്കാനിങ്ങിൽ തെളിഞ്ഞത് വയറ്റിലൊരു വലിയ പൊതി. പുറത്തെടുക്കാൻ എല്ലാ മാർഗവും പരാജയപ്പെട്ടപ്പോൾ ഡോക്ടർമാർ മലദ്വാരത്തിലൂടെ പ്ലാസ്റ്റിക് കവർ വലിച്ച് പുറത്തെടുത്തു. തുറന്നുനോക്കിയപ്പോൾ മൊബൈൽ ഫോണും കഞ്ചാവും. മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നത് ഉള്ളിലേക്ക് കയറിപ്പോയതാണ്. മലദ്വാരമാണ് ഫോണുകൾക്ക് ജയിലുകളിലേക്കുള്ള പ്രധാന വഴി. വിചാരണയ്ക്കായി പുറത്തെത്തിക്കുമ്പോഴാണ് പ്രതികൾക്ക് മൊബൈൽഫോണുകൾ ലഭിക്കുന്നത്. മൂത്രമൊഴിക്കാനെന്നു പറഞ്ഞ് മൂത്രപ്പുരകളിൽ കയറി പ്ലാസ്റ്റിക് കവറിലാക്കി മൊബൈൽഫോണും കഞ്ചാവും മുതൽ തീപ്പെട്ടിയും സിഗരറ്റ് ലൈറ്ററുകളും വരെ മലദ്വാരത്തിനുള്ളിൽ കയറ്റിവെയ്ക്കും. ജയിലിലെത്തുമ്പോഴുള്ള ദേഹപരിശോധനയിൽ ഇത് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. സെല്ലിൽ കയറിയാൽ മറ്റ് തടവുകാരുടെ സഹായത്തോടെ ഈ കവർ പുറത്തെടുക്കും. അടുത്ത വഴി സിഗ്നൽ നൽകി മതിൽക്കെട്ടിന് പുറത്തുനിന്നും പൊതിഞ്ഞ് ഫോൺ ജയിൽവളപ്പിലേക്ക് വലിച്ചെറിയുകയാണ്. സന്ദർശകരായി എത്തുന്നവർ പ്രതികളോട് ജയിലിന്റെ ഏതു ഭാഗത്ത് ഏതു സമയത്ത് വന്നുനിൽക്കണമെന്ന വിവരം കൈമാറും. മിക്കവാറും ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്ന് വരെയുള്ള സമയമാവും തിരഞ്ഞെടുക്കുക. ഈ സമയത്ത് ഉദ്യോഗസ്ഥർ കുറവായിരിക്കും. സിഗ്നലായി ആദ്യം ഒരു കല്ല് വലിച്ചെറിയും. ഇതേ കല്ല് തിരിച്ചെത്തിയാൽ ആൾ അവിടെ ഉണ്ടെന്ന് ഉറപ്പിക്കും. മൊബൈൽ ഫോൺ അടക്കമുള്ളവ തെർമോക്കോളിലും മറ്റും പൊതിഞ്ഞ് എറിഞ്ഞുകൊടുക്കും. സോപ്പ് തുരന്ന് ഫോൺ അതിനുള്ളിൽ വെച്ച് പുതിയ സോപ്പുപോലെയാക്കി എത്തിക്കുന്ന പതിവും ഉണ്ട്. മുമ്പ് ചില ഉദ്യോഗസ്ഥർ വഴിയും ഫോണുകൾ ജയിലിൽ എത്തിയിട്ടുണ്ട്. ഫോണും സിമ്മും പതിനായിരം രൂപയും ഉദ്യോഗസ്ഥന് നൽകിയാൽ ഫോൺ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമായിരുന്നത്രെ. ഉദ്യോഗസ്ഥരുടെ ഫോണുകളിൽനിന്നും ആവശ്യത്തിന് പുറത്തേക്ക് വിളിക്കുന്നവരുമുണ്ട്. ഫോൺ ചാർജിങ്ങിനായി സോളാർ പവർ ബാങ്കാണ് ഉപയോഗിക്കുന്നത്. ജയിലിലെത്തിക്കുന്ന പവർബാങ്ക് ആരുടെയും ശ്രദ്ധയിൽപ്പെടാതെ വെയിൽ കൃത്യമായി പതിക്കുന്നിടത്ത് വെയ്ക്കും. ജയിലിലെ ഫാനിന്റെ സ്വിച്ച് ബോർഡുകൾ അഴിച്ചെടുത്ത് പവർബാങ്ക് വഴി ബന്ധിപ്പിച്ച് ചാർജ് ചെയ്യുന്ന രീതിയുമുണ്ട്. Content Highlights:phone hide in anus, viyyur central jail rails thrissur raid, after rishiraj singh take charge as jail DGP
from mathrubhumi.latestnews.rssfeed http://bit.ly/2N9Kvr5
via
IFTTT