Breaking

Thursday, June 20, 2019

നാലുദിവസം പ്രായമായ കുഞ്ഞിന് ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍; മൂന്നുമണിക്കൂറിന് ശേഷം ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ നാലുദിവസം പ്രായമുള്ള കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചതാണ് മരണത്തിനിടയാക്കിയത്. ബറേലിയിലെ ആശുപത്രിയിൽ മൂന്നുമണിക്കൂറോളമാണ് കുഞ്ഞിന് ചികിത്സ ലഭ്യമാക്കാൻ മാതാപിതാക്കൾ കാത്തിരുന്നത്. കഴിഞ്ഞദിവസം ബറേലിയിലെ സർക്കാർ ആശുപത്രിയിലായിരുന്നു ദാരുണമായ സംഭവം. ശ്വാസതടസം അനുഭവപ്പെട്ട നാലുദിവസം പ്രായമുള്ള പെൺകുഞ്ഞുമായി രാവിലെയാണ് മാതാപിതാക്കൾ ആശുപത്രിയിലെത്തിയത്. പുരുഷന്മാരുടെ ആശുപത്രിയിലാണ് ആദ്യം കുഞ്ഞിനെ എത്തിച്ചതെങ്കിലും ഡോക്ടർമാർ പരിശോധിച്ചില്ല. കുഞ്ഞിനെ തൊട്ടടുത്തുള്ള സ്ത്രീകളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. ഇതനുസരിച്ച് മാതാപിതാക്കൾ കുഞ്ഞിനെ സ്ത്രീകളുടെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ ലഭിച്ചില്ല. ആശുപത്രിയിൽ കിടക്ക ഒഴിവില്ലെന്നും ചികിത്സിക്കാൻ സ്ഥലമില്ലെന്നും പറഞ്ഞാണ് ഡോക്ടർമാർ ഇവരെ മടക്കിയത്. കുഞ്ഞിനെ പുരുഷന്മാരുടെ ആശുപത്രിയിലേക്ക് തിരികെകൊണ്ടുപോകാനായിരുന്നു നിർദേശം. ഇതിനകം മൂന്നുമണിക്കൂറോളം ആശുപത്രിയിൽ വട്ടംചുറ്റിയ മാതാപിതാക്കൾ കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങുമ്പോഴേക്കും കുഞ്ഞ് മരണപ്പെടുകയായിരുന്നു. മൂന്നുമണിക്കൂറോളമാണ് സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ വട്ടംകറക്കിയതെന്നും ഡോക്ടർമാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതിനിടെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ച് ഡോക്ടർമാർ നൽകിയ കുറിപ്പടിയും പുറത്തുവന്നു. ഇരു ആശുപത്രികളിൽനിന്നും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് വ്യക്തമായതോടെ രണ്ട് ആശുപത്രികളിലെയും മെഡിക്കൽ സൂപ്രണ്ടുമാർക്കെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പുരുഷന്മാരുടെ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതായും സ്ത്രീകളുടെ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടിക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. Content Highlights:four day old baby dies due medical negligence in uttar pradesh bareilly


from mathrubhumi.latestnews.rssfeed http://bit.ly/31Ipgjs
via IFTTT