തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹത്തിൽനിന്നു സ്വർണമാല മോഷണംപോയ സംഭവത്തിൽ ജീവനക്കാരി അറസ്റ്റിൽ. മെഡിക്കൽ കോളേജിലെ അറ്റൻഡർ പന്തളം സ്വദേശിനി ജയലക്ഷ്മി(35)യാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിയും മണക്കാട്ട് താമസിച്ചിരുന്നതുമായ രാധ(27)യുടെ മൃതദേഹത്തിൽനിന്നാണ് വെള്ളിയാഴ്ച ഒന്നരപ്പവന്റെ മാല മോഷണംപോയത്. മന്ത്രി കെ.കെ.ശൈലജയുടെ നിർദ്ദേശത്തെത്തുടർന്ന് ജയലക്ഷ്മിയെ സസ്പെൻഡ് ചെയ്തു. വിഷം ഉള്ളിൽച്ചെന്ന നിലയിൽ വ്യാഴാഴ്ച വൈകീട്ടാണ് രാധയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ചികിത്സ നടത്തിയെങ്കിലും വെള്ളിയാഴ്ച രാവിലെ ഏഴിനു മരിച്ചു. മൃതദേഹപരിശോധനയ്ക്ക് മോർച്ചറിയിലേക്കു മാറ്റുന്നതിനായി വാർഡിനു സമീപം കിടത്തിയപ്പോഴാണ് മാല കാണാതെപോയത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിനെ അറിയിച്ചു. പോലീസെത്തി ജീവനക്കാരെ ചോദ്യംചെയ്തു. തുടർന്നു നടന്ന അന്വേഷണത്തിലാണ് ജയലക്ഷ്മിയെ അറസ്റ്റുചെയ്തത്. ഇവരിൽനിന്നു മാല കണ്ടെടുത്തതായി പോലീസ് പറഞ്ഞു. രണ്ടുമാസം മുൻപ് മെഡിക്കൽ കോളേജിലെ ജീവനക്കാരിയിൽനിന്ന് 4500 രൂപ മോഷ്ടിച്ചെന്നും ഇവർ പോലീസിനോടു പറഞ്ഞതായി മെഡിക്കൽ കോളേജ് എസ്.ഐ. ആർ.എസ്.ശ്രീകാന്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടും മെഡിക്കൽ കോളേജ് സി.ഐ.യും അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. Content Highlights: Theft in Trivandrum Medical College, Woman Attender Arrested
from mathrubhumi.latestnews.rssfeed http://bit.ly/2WX67M3
via
IFTTT