ടിക്കറ്റുനിരക്ക് സ്വന്തംനിലയ്ക്ക് ഉയർത്താതെ സബ്സിഡി ഉപേക്ഷിക്കാൻ യാത്രികരെ പ്രേരിപ്പിച്ച്, പരോക്ഷമായ നിരക്കുവർധനയ്ക്കു റെയിൽവേ തയ്യാറെടുക്കുന്നു. സർക്കാരിന്റെ വൻപ്രചാരണത്തെത്തുടർന്ന് പാചകവാതക സബ്സിഡി പലരും വേണ്ടെന്നുവെച്ചിരുന്നു. ഏതാണ്ട് അതിനു സമാനമായി 'ഇളവ് ഉപേക്ഷിക്കൽ' എന്ന പേരിലാണു റെയിൽവേയും സബ്സിഡി കുറയ്ക്കാൻ ഒരുങ്ങുന്നത്. ഒരു ടിക്കറ്റിന്റെ 43 ശതമാനം ഇപ്പോൾ സബ്സിഡിയാണ്. മുഴുവൻതുക നൽകി ടിക്കറ്റ് എടുക്കുന്നവർക്കായിരിക്കും സബ്സിഡി ഉപേക്ഷിക്കൽ ബാധകം. തുടക്കത്തിൽ ഇ-ടിക്കറ്റ് എടുക്കുന്നവർക്കും പിന്നീട് കൗണ്ടറുകൾ വഴി നേരിട്ട് എടുക്കുന്നവർക്കും 'സബ്സിഡി ഉപേക്ഷിക്കൽ'(ഗിവ് ഇറ്റ് അപ്) ഓപ്ഷൻ നൽകും. സബ്സിഡി കുറഞ്ഞ അല്ലെങ്കിൽ തീരെ ഇല്ലാത്ത ടിക്കറ്റു വേണോ സബ്സിഡിയുള്ള സാധാരണ ടിക്കറ്റുവേണോ എന്നീ രണ്ടു ഓപ്ഷനുകളാണ് ഇ-ടിക്കറ്റു എടുക്കുന്നവർക്കു നൽകുക. സബ്സിഡി മുഴുവനായോ ഭാഗികമായോ ഉപേക്ഷിക്കാം. ഭാഗികമായി ഒഴിവാക്കുന്നവർക്കു നിശ്ചിത ശതമാനം തിരഞ്ഞെടുക്കാൻ സ്ലാബ് ഏർപ്പെടുത്തിയേക്കും. ഐ.ആർ.സി.ടി.സി.യുടെ സോഫ്റ്റ്വേറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ ഉടൻ വരുത്തും. ഇപ്പോൾ ഇളവു ലഭിക്കുന്ന അമ്പതോളം വിഭാഗക്കാർക്ക് (കുട്ടികൾ ഒഴികെ) സബ്സിഡി ഉപേക്ഷിക്കൽ ബാധകമാക്കില്ല. അത്തരക്കാർക്കു നിലവിലെ നിശ്ചിതശതമാനം ഇളവുകൾ തുടർന്നേക്കും. റെയിൽവേ മന്ത്രാലയം തയ്യാറാക്കിയ നൂറുദിന കർമപരിപാടിയിലെ മുഖ്യയിനമാണ് സബ്സിഡി ഉപേക്ഷിക്കൽ. യാത്രാ സബ്സിഡിക്ക് ഒരുവർഷം റെയിൽവേ 35,000 കോടി രൂപ നീക്കിവെക്കുന്നുണ്ട്. 'നിങ്ങളുടെ യാത്രച്ചെലവിന്റെ 43 ശതമാനം വഹിക്കുന്നതു രാജ്യത്തെ സാധാരണക്കാരാണ് എന്ന കാര്യം അറിയാമോ?' എന്ന വാക്യം കുറച്ചുകാലമായി എല്ലാ റിസർവേൻ ടിക്കറ്റുകളിലും അച്ചടിക്കുന്നുണ്ട്. സബ്സിഡി ഓർമിപ്പിച്ചുള്ള ഈ പ്രചാരണത്തിനു തുടർച്ചയായിട്ടാണു പുതിയ നീക്കം. മുതിർന്ന പൗരന്മാർ ടിക്കറ്റ് എടുക്കുമ്പോൾ സബ്സിഡി വേണോ വേണ്ടയോ എന്ന ചോദ്യവും കുറച്ചുകാലമായി നിലവിലുണ്ട്. ആ ചോദ്യം ഇനി എല്ലാ യാത്രക്കാരിലേക്കും എത്തും. Content Highlights:Indian Railway, Fare
from mathrubhumi.latestnews.rssfeed http://bit.ly/2ZA3s7B
via
IFTTT