തിരുവനന്തപുരം: കർഷകരുടെ എല്ലാ വായ്പകൾക്കുമുള്ള മൊറട്ടോറിയം സംബന്ധിച്ച് ആശങ്കവേണ്ടെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. റിസർവ് ബാങ്ക് ഗവർണറെക്കണ്ട് കേരളത്തിലെ സ്ഥിതി ബോധ്യപ്പെടുത്തും. സർക്കാരിന്റെ തീരുമാനത്തിനു വിരുദ്ധമായി കർഷകർക്കെതിരേ നടപടിയെടുക്കാൻ ബാങ്കുകളെ അനുവദിക്കില്ല. മനുഷ്യത്വരഹിതമായി ബാങ്കുകൾ പ്രവർത്തിച്ചാൽ കർശനമായി ഇടപെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കർഷകരെടുത്ത എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തിയതിന് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചതിനെപ്പറ്റി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിപറയുകയായിരുന്നു മന്ത്രി. റിസർവ് ബാങ്ക് അനുമതി നിഷേധിച്ചത് 'മാതൃഭൂമി' വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. വായ്പകൾക്ക് ജൂലായ് 31 വരെ മൊറട്ടോറിയം നിലവിലുണ്ട്. അത് ഡിസംബർ 31 വരെ നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കാനായി 25-ലെ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ പ്രധാന അജൻഡയായി ഉൾപ്പെടുത്തും. യോഗത്തിൽ തീരുമാനമെടുക്കുന്നതോടെ മൊറട്ടോറിയം നടപ്പാക്കുന്നതിൽ തടസ്സമില്ല. ജപ്തി നടത്തുന്നതടക്കം കർഷകരെ ബുദ്ധിമുട്ടിക്കാൻ ബാങ്കുകളെ അനുവദിക്കില്ല. കഴിഞ്ഞ ഡിസംബർ 31 വരെ പുനഃക്രമീകരിച്ച അക്കൗണ്ടുകളിലെ വായ്പകൾക്കാണ് ജൂലായ് 31 വരെ മൊറട്ടോറിയമുള്ളത്. ഇത് റിസർവ് ബാങ്ക് എതിർത്തിട്ടില്ല. ഇനിയും കാലാവധി നീട്ടുന്നത് എസ്.എൽ.ബി.സി.യുടെ വിവേചനാധികാരമാണെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിട്ടുള്ളത്. ജപ്തി ഒഴിവാക്കാൻ ഇടുക്കി, വയനാട് ജില്ലകളിൽ ഉപസമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനയ്ക്കുശേഷമേ ജപ്തി നടപടികളെടുക്കാവൂ എന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. സ്വർണപ്പണയ വായ്പ: സാക്ഷ്യപത്രം നിർബന്ധം ബാങ്കുകൾ നൽകിയ 48,000 കോടി രൂപയുടെ വായ്പയിൽ കൂടുതലും സ്വർണം പണയംവെച്ചുള്ള കാർഷിക വായ്പയാണ്. കൃഷിക്കാർക്കുള്ള പലിശയിളവ് കൃഷിക്കാരല്ലാത്തവർ തട്ടിയെടുക്കുകയാണ്. യഥാർഥ കൃഷിക്കാർക്ക് കാർഷിക സ്വർണവായ്പ ലഭ്യമാക്കാൻ കൃഷിവകുപ്പിന്റെ സാക്ഷ്യപത്രം വേണമെന്നു ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കർഷകർ പണയമായി വെച്ചിട്ടുള്ള എല്ലാ കൃഷിഭൂമിയിലും സർഫാസി നിയമപ്രകാരമുള്ള നടപടികൾ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തിൽ സർക്കാർ നിർദേശിക്കും. കേരളത്തിൽ കൃഷിഭൂമിയെന്ന നിർവചനത്തിൽ നെൽവയലുകൾ മാത്രമാണുള്ളത്. കൃഷിചെയ്യുന്ന എല്ലാ ഭൂമിയും കൃഷിഭൂമിയായി കണക്കാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കർഷകരെ ബുദ്ധിമുട്ടിക്കുന്നതാണ് റിസർവ് ബാങ്ക് നടപടിയെന്നും കത്തയക്കാതെ ഇക്കാര്യം ഗവർണറെയും ഉദ്യോഗസ്ഥരെയും നേരിൽക്കണ്ട് ബോധ്യപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതുകൂടി പരിഗണിച്ചായിരുന്നു മന്ത്രിയുടെ മറുപടി. കർഷകരുടെ വായ്പകളിലുള്ള പലിശബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് ഈ വിഷയം ഉന്നയിച്ച പി.സി. ജോർജ് ആവശ്യപ്പെട്ടു. Content Highlihgts:farmers loan moratorium reserve bank of india-agriculture minister
from mathrubhumi.latestnews.rssfeed http://bit.ly/2MZjiY8
via
IFTTT