: ആന്തൂർ നഗരസഭയിലെ പ്രവാസിവ്യവസായിയുടെ ആത്മഹത്യ, സി.ഒ.ടി. നസീർ വധശ്രമം, കോടിയേരിയുടെ മകനെതിരേയുള്ള ലൈംഗികാരോപണം, പി. ജയരാജനെതിരേയുള്ള കേസുകൾ... സി.പി.എമ്മിന്റെ രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരിൽ പാർട്ടി നേരിടുന്നത് കടുത്ത രാഷ്ട്രീയവെല്ലുവിളികളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിയും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും ഇവയ്ക്കു ആഴം കൂട്ടുന്നു. കണ്ണൂരിലെ പാർട്ടി ധാർഷ്ട്യത്തിന്റെ ആൾരൂപമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് സി.പി.എം. തുടങ്ങിയിരിക്കുന്നത്. പാർട്ടിക്കുള്ള അക്രമപ്രതിച്ഛായ തോൽവിക്ക് കാരണമായെന്ന് കേന്ദ്രകമ്മിറ്റി റിവ്യൂറിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. മാറ്റത്തിന്റെ കാറ്റ് പാർട്ടി അനുഭാവിയും പി. ജയരാജനെപ്പോലുള്ള വലിയ നേതാക്കളുടെ അടുപ്പക്കാരനുമായ സാജൻ പാറയിലിന്റെ ആത്മഹത്യയിൽ പാർട്ടി കുറ്റമേറ്റെടുക്കുക മാത്രമല്ല, ശിക്ഷയും വിധിക്കുന്നു. കേന്ദ്രകമ്മിറ്റി അംഗത്തിന്റെ ഭാര്യകൂടിയായ ജില്ലാകമ്മിറ്റി അംഗം പി.കെ. ശ്യാമളക്കെതിരേ നടപടിക്ക് മുതിരുകയും സാജന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടിയെന്ന് സമ്മേളനം വിളിച്ചുകൂട്ടി പറയുകയും ചെയ്യുന്നു. ഇതു വലിയ മാറ്റമാണ്. നേതാക്കൾ കൂട്ടത്തോടെ സാജന്റെ വീട്ടിലെത്തി ഭാര്യയെ ആശ്വസിപ്പിച്ചു. സി.ഒ.ടി. നസീർ വധശ്രമക്കേസിലും പോലീസ് അന്വേഷണത്തിൽ പാർട്ടി ഇടപെടില്ലെന്ന് പറയുന്നു. പാർട്ടിഗ്രാമത്തിൽ പതിവിന് വിപരീതമായി സമ്മേളനം വിളിച്ചുകൂട്ടി പരസ്യമായാണ് ഈ രണ്ടുകാര്യങ്ങളും പറയുന്നത്. ശ്യാമളയെ വേദിയിലിരുത്തി ജയരാജന്റെ ശാസനആന്തൂർ സംഭവത്തിൽ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ വേദയിലിരുത്തി പ്രസംഗത്തിൽ ഏഴുതവണയാണ് പി. ജയരാജൻ അവരുടെ വീഴ്ച ചൂണ്ടിക്കാണിച്ച് സംസാരിച്ചത്. കുറ്റക്കാർക്കെതിരേ കർശനനടപടി ഉണ്ടാവുമെന്നും പറഞ്ഞു. ശ്യാമളയ്ക്കെതിരേ എന്തുകൊണ്ട് നടപടിയെന്ന് അവരെ സാക്ഷിനിർത്തി നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ധർമശാലയിലെ പൊതുസമ്മേളനം. സി.ഒ.ടി. നസീറിന്റെ കാര്യത്തിൽ പാർട്ടി ഇടപെടില്ലെന്നും ആരു തെറ്റുകണിച്ചാലും നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന പ്രതിപക്ഷ ആരോപണം, വലതുപക്ഷ മാധ്യമങ്ങളുടെ അജൻഡയാണതെന്നുപറഞ്ഞ് ഒഴിയുന്നുണ്ടെങ്കിലും പാർട്ടി അനുഭാവികൾക്കിടയിൽ ചില സംശയങ്ങൾ ഉണ്ടെന്ന് നേതൃത്വത്തിന് തോന്നിയിട്ടുണ്ട്.സെൻട്രൽ ജയിലിലെ പൊളിച്ചെഴുത്ത്അതിനിടെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഡി.ജി.പി.യുടെ മിന്നൽപരിശോധന. മുഖ്യമന്ത്രി തിരഞ്ഞെടുത്തയച്ച വി.എസിന്റെ ‘മൂന്നുപൂച്ച’കളിൽ ഒന്നായ ഋഷിരാജ് സിങ്ങാണ് കണ്ണൂരിലെത്തിയത്. എല്ലാ അനധികൃത പരോളുകളും നിർത്തൽചെയ്ത ജയിൽ ഡി.ജി.പി. തടവുകാരുടെ മൊബൈൽഫോണുകളും പിടിച്ചെടുത്തു. പി. ജയരാജൻ ജയിൽ ഉപദേശകസമിതി അംഗമാണെങ്കിലും തടവുകാരിലെ പാർട്ടിക്കാർക്ക് ഇനി പ്രത്യേകപരിഗണന ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് സാരം. കൂത്തുപറമ്പ് മേഖലയിലെ പാർട്ടിക്കുള്ളിൽ രൂപം കൊണ്ട ക്വട്ടേഷൻസംഘത്തെ ഒതുക്കാനാണ് രണ്ടാഴ്ചമുൻപ് പെട്ടെന്ന് ജില്ലാകമ്മിറ്റി വിളിച്ചുകൂട്ടിയത്. പാർട്ടിക്കുള്ളിലെ അപകടകരമായ സമ്മർദങ്ങൾ മാറ്റിയെടുത്തില്ലെങ്കിൽ പൊട്ടിത്തെറിയാകുമെന്നുള്ള തിരിച്ചറിവാണിതിനു കാരണം. അതിന് പാർട്ടി തലസ്ഥാനമായ കണ്ണൂരിൽനിന്നുതന്നെ തുടക്കം കുറിക്കാനൊരുങ്ങുകയാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2J3aBH6
via
IFTTT