തൃശ്ശൂർ: പൊതുചടങ്ങുകളിൽ ബൊക്കെകളും മൊമെന്റോകളും നൽകേണ്ട പകരം സമ്മാനമായി സ്നേഹത്തോടെ പുസ്തകം നൽകിയാൽ മതിയെന്ന് ടി.എൻ. പ്രതാപൻ എംപി. കുറഞ്ഞ സമയത്തേക്ക് മാത്രം ആയുസ് നിൽക്കുന്ന പൂച്ചെണ്ടുകൾക്കും മറ്റുമായി ചിലവഴിക്കുന്ന പണമുണ്ടെങ്കിൽ എക്കാലത്തും നിലനിൽക്കുന്ന അറിവിന്റെ വസന്തം തന്നെ പങ്കുവയ്ക്കാമല്ലോ എന്നാണ് ടി.എൻ പ്രതാപന്റെ വാദം. തന്റെ ഫെയ്സ്ബുക്ക് പേജിൽ കൂടിയാണ് ടി.എൻ പ്രതാപൻ നിലപാട് അറിയിച്ചിരിക്കുന്നത്.പണം മുടക്കി പൂമാലയും ബൊക്കെയും മൊമന്റോകളും നൽകുന്ന കാലങ്ങളായി തുടരുന്ന രീതിയിൽ നിന്നൊരു മാറ്റത്തിന്റെ പാതയാണ് തൃശ്ശൂർ എംപി തിരഞ്ഞെടുത്തിരിക്കുന്നത്. എംപിയെന്ന നിലയിൽ അഞ്ചുവർഷം കൊണ്ട് ലഭിക്കുന്ന പുസ്തകങ്ങൾ ഉപയോഗിച്ച് തന്റെ ജന്മനാട്ടിൽ വായനശാല ഒരുക്കാനാണ് പ്രതാപന്റെ തീരുമാനം. ടി.എൻ പ്രതാപന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന് പാർലമെന്റ് അംഗമെന്ന നിലയിൽ ഞാൻ പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാൽ മതി. വളരെ കുറഞ്ഞ സമയം മാത്രം ആയുസ്സുള്ള പൂച്ചെണ്ടുകൾക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കിൽ ഏതുകാലത്തും ശാശ്വതമായി നിലനിൽക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും. ഈ അഞ്ചു വർഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എന്റെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദർശിനി സ്മാരക സമിതിക്ക് കീഴിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തിൽ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്കാരം നമുക്ക് വളർത്താം. Content Highlights:T N Prathapan MP Facebook Post
from mathrubhumi.latestnews.rssfeed http://bit.ly/2XtA0CT
via
IFTTT