Breaking

Wednesday, June 19, 2019

കെട്ടിടത്തിന്‌ ലൈസൻസ്‌ ലഭിച്ചില്ലെന്ന്‌ ആക്ഷേപം; പ്രവാസിവ്യവസായി ആത്മഹത്യ ചെയ്തു

കണ്ണൂർ: ബക്കളത്തെ പാർഥാസ് കൺവെൻഷൻ സെന്റർ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയിൽ സാജൻ(48) വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ആന്തൂർ നഗരസഭാ പരിധിയിലുള്ള അദ്ദേഹത്തിന്റെ കെട്ടിടം പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കാത്തതിനെത്തുടർന്ന് മാനസികവിഷമത്തിലായിരുന്നു സാജനെന്ന് ബന്ധുക്കൾ പറയുന്നു. 15 വർഷമായി നൈജീരിയയിൽ ബിസിനസ് നടത്തിവരികയായിരുന്നു. 15കോടിയോളം രൂപ ചെലവിൽ നിർമിച്ച കൺവെൻഷൻ സെന്റർ പൂർത്തിയായ ശേഷം പ്രവർത്തനാനുമതിക്കപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു സാജൻ. അതേസമയം ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്ന് നഗരസഭാധികൃതർ പറയുന്നു. പരേതരായ ലക്ഷ്മണന്റെയും മൈഥിലിയുടെയും മകനാണ് സാജൻ. ഭാര്യ: ബീന. മക്കൾ: പാർഥാസ്, അർഷിത. സഹോദരങ്ങൾ: ശ്രീജിത്ത്, ശ്രീലത, വത്സല, ഗുണശീല. അനുമതിക്കായി കയറിയിറങ്ങി ഒടുവിൽ സ്വയം ശിക്ഷിച്ച് മരണത്തിലേക്ക് കണ്ണൂർ: ബക്കളത്തെ പാർഥാസ് കൺവെൻഷൻ സെന്റർ ഉടമ സാജൻ പാറയിൽ ആത്മഹത്യചെയ്യാനുള്ള കാരണം തന്റെ കെട്ടിടത്തിന് നഗരസഭയുടെ ലൈസൻസ് ലഭിക്കാൻ വൈകിയതാണെന്ന് ആക്ഷേപം. നിരന്തരം ശ്രമിച്ചിട്ടും പ്രവർത്തനാനുമതി ലഭിക്കാത്തതിനെത്തുടർന്ന് ദിവസങ്ങളായി കടുത്ത മാനസികവിഷമത്തിലായിരുന്നു അദ്ദേഹമെന്ന് ബന്ധുക്കളും കെട്ടിടത്തിന്റെ മാനേജരും പറയുന്നു. ബക്കളം നെല്ലിയോട് ക്ഷേത്രത്തിന് എതിർവശത്ത് പഴയ ദേശീയപാതയ്ക്കരികിലാണ് കൺവെൻഷൻ സെന്റർ. പണിപൂർത്തിയായി ഒരുവർഷം കഴിഞ്ഞെങ്കിലും നഗരസഭയിൽനിന്ന് കെട്ടിട നമ്പറും മറ്റും ലഭിച്ചില്ല. കെട്ടിടനിർമാണച്ചട്ടം പാലിച്ചില്ലെന്നുകാണിച്ചാണ് ലൈസൻസ് നിഷേധിച്ചത്. റോഡിൽനിന്ന് നിശ്ചിതദുരം വിടാതെ കെട്ടിടം നിർമിച്ചു എന്ന ആരോപണത്തെത്തുടർന്ന് പ്രവേശനകവാടം മാറ്റി. അതിനിടെ പ്രാദേശികമായി ചിലർ കെട്ടിടനിർമാണത്തിനെതിരേ പരാതി നൽകി. സി.പി.എം. അനുഭാവിയായ സാജൻ നിർമാണത്തിന്റെ ഒരുഘട്ടത്തിൽ പ്രശ്നം കണ്ണൂരിലെ സി.പി.എം. നേതാവിനോട് പറഞ്ഞിരുന്നു. അദ്ദേഹം ടൗൺ പ്ളാനറുമായി ബന്ധപ്പെട്ട് പ്രശ്നം പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രാദേശിമായി ചില എതിർപ്പുകളുണ്ടായി. ഏറ്റവും ഒടുവിൽ ഏപ്രിൽ 12-ന് കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ വീണ്ടും ന്യൂനതകൾ കണ്ടെത്തി. പരിഹരിക്കാൻ ആവശ്യപ്പെട്ടു. അതിനിടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുൻപ് അവിടെ കല്യാണം നടത്തിയതിന്റെപേരിൽ നഗരസഭ കാരണംകാണിക്കൽ നോട്ടീസും അയച്ചിരുന്നു. മരിക്കുന്നതിന് തലേദിവസം ഭാര്യാപിതാവിന്റെ വീട്ടിൽപ്പോയിരുന്നു സാജൻ. കെട്ടിടത്തിന്റെ പ്രവർത്തനാനുമതി ലഭിക്കാത്തതിന്റെ വിഷമവും പറഞ്ഞിരുന്നു. ഇനി എന്തായാലും ലൈസൻസ് കിട്ടില്ല. ഇതിനായി കോടതിയിൽ പോയാൽ കാലം കുറെ പിടിക്കുമെന്നും സാജൻ പറഞ്ഞതായി അദ്ദേഹത്തിന്റെ മാനേജർ പറഞ്ഞു. കെട്ടിടനിർമാണത്തിന്റെ തുടക്കത്തിലേ ന്യൂനതകളുണ്ടായിരുന്നെന്നും അത് ഓരോഘട്ടത്തിലും പരിഹരിച്ചുവരികയായിരുന്നുവെന്നും ആന്തൂർ നഗരസഭാ സെക്രട്ടറി എം.കെ.ഗിരീഷ് പറഞ്ഞു. അദ്ദേഹത്തിന് ലൈസൻസ് ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. സഹായിച്ചും സൗഹാർദ പൂർവ്വം പെരുമാറിയും കണ്ണൂർ: നാടിന് പ്രിയപ്പെട്ട ആളായിരുന്നു കൊറ്റാളി അരയമ്പേത്ത് ഗോകുലത്തിൽ പാറയിൽ സാജൻ. എല്ലാവരെയും സഹായിച്ച, സൗഹാർദ പൂർവം പെരുമാറിയിരുന്നയാൾ. രാവിലെ മരണവിവരം അറിഞ്ഞതുമുതൽ വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. സാധാരണനിലയിൽനിന്ന് സ്വപ്രയത്നം കൊണ്ടാണ് സാജൻ ഉയർന്നുവന്നത്. അഞ്ചുവർഷം മുംബൈയിലായിരുന്നു. പിന്നീടാണ് നൈജീരിയയിലേക്ക് പോയത്. അവിടെ 18 വർഷം ബിസിനസ് നടത്തി. തുടർന്നുള്ള കാലം നാട്ടിൽ ജീവിക്കണം എന്ന് ഉദ്ദേശിച്ചിരുന്നു. അങ്ങനെ ഇവിടെ വില്ലകളുടെയും വീടുകളുടെയും നിർമാണം തുടങ്ങി. പിന്നീടാണ് ബക്കളത്ത് ഓഡിറ്റോറിയം നിർമാണം ആരംഭിച്ചത്. നാട്ടിലെ സൗഹാർദ കൂട്ടായ്മകളിലെ സ്ഥിരസാന്നിധ്യമായിരുന്നു സാജൻ. സാമ്പത്തിക സഹായം തേടിവന്ന ആരെയും വെറും കൈയോടെ മടക്കിയിട്ടില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. ഭാര്യയും സ്കൂൾ വിദ്യാർഥികളായ മക്കളുമാണ് അരയമ്പത്ത് സരസ്വതി വിലാസം എൽ.പി. സ്കൂളിനുസമീപത്തെ വീട്ടിലുള്ളത്. വീട്ടിലെ പൊതുദർശനത്തിനുശേഷം മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. അപേക്ഷ തടഞ്ഞുവെച്ചിട്ടില്ല-നഗരസഭ കണ്ണൂർ: ലൈസൻസിനുള്ള കെട്ടിട ഉടമയുടെ അപേക്ഷ തടഞ്ഞുവെക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ലെന്ന് ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ.ശ്യാമള പറഞ്ഞു. സാജൻ എന്നയാളുടെ പേരിലല്ല പാലോളി പുരുഷോത്തമൻ എന്നയാളുടെ ഉടമസ്ഥതയിലാണ് കെട്ടിടം. അദ്ദേഹം സമർപ്പിച്ച അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെടുകമാത്രമാണ് ചെയ്തത്. കണ്ടെത്തിയ ചില അപാകം പരിഹരിച്ച് വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് സാധാരണചെയ്യുന്ന നടപടിക്രമമാണ്. ഒക്യുപെൻസി സർട്ടിഫിക്കറ്റ് സംബന്ധിച്ച് പരാതികളൊന്നും അദ്ദേഹം നഗരസഭാ കൗൺസിലിനുമുൻപാകെ നൽകിയിട്ടില്ല. പുരുഷോത്തമന്റെ അപേക്ഷയുമായി ബന്ധപ്പെട്ട് സഹായകരമായ നിലപാടുതന്നെയാണ് നഗരസഭ കൈക്കൊണ്ടിട്ടുള്ളത് -അവർ പറഞ്ഞു. 2019 ഏപ്രിൽ 14-ന് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ച് റിപ്പോർട്ട് നഗരസഭയ്ക്ക് ഉടമ നൽകിയിരുന്നു. പിന്നീട് സെന്ററിന്റെ ന്യൂനതകൾ പരിഹരിക്കാൻ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു. നേരത്തേ കെട്ടിടനിർമാണസമയത്തുതന്നെ ചില ന്യൂനതകൾ കണ്ടെത്തി അവ ടൗൺപ്ലാനറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിഹരിച്ചിരുന്നു-അവർ പറഞ്ഞു. content highlights:kannur,bekkalam, anthoor municipality


from mathrubhumi.latestnews.rssfeed http://bit.ly/2XWTw7Z
via IFTTT