കണ്ണൂർ: “ഒരൊപ്പിന്റെ പേരിലല്ലേ അവർ ഏട്ടന്റെ ജീവനെടുത്തത്. നല്ലൊരാളല്ലേ പോയത്. ഇനി തിരിച്ചുകിട്ടുമോ ഏട്ടനെ...'' കഴിഞ്ഞദിവസം ആത്മഹത്യചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ഭാര്യ ബീന ചോദിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് ബക്കളത്തെ പാർഥാ കൺവെൻഷൻ സെന്റർ ഉടമയും പുഴാതി അരയമ്പേത്ത് സരസ്വതിവിലാസം യു.പി. സ്കൂൾ പരിസരത്തെ 'ഗോകുല'ത്തിൽ സാജൻ പാറയിലി (48) നെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആന്തൂർ നഗരസഭാ പരിധിയിലെ അദ്ദേഹത്തിന്റെ കൺവെൻഷൻ സെന്റർ കെട്ടിടം പ്രവർത്തിക്കുന്നതിനു ലൈസൻസ് ലഭിക്കാത്തതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഉള്ള സമ്പാദ്യമെല്ലാമെടുത്ത് 15 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായശേഷം അനുമതിക്കപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് സാജന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ. എല്ലാം തുരുമ്പെടുത്തുപോവുമല്ലോ... അടുത്ത ദിവസങ്ങളിൽ സാജൻ തീർത്തും നിരാശനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മനഃസംഘർഷത്തിലുമായിരുന്നു. വലിയ പണം നിക്ഷേപിച്ചിട്ട് എല്ലാം തുരുമ്പെടുത്തുപോവുകയേ ഉള്ളൂ എന്ന് ഇടയ്ക്കിടെ പറയുമായിരുന്നുവെന്നും അവർ പറയുന്നു. കെട്ടിടത്തിൽ വരുത്താൻ ടൗൺ പ്ലാനർ നിർദേശിച്ച മാറ്റങ്ങളെല്ലാം വരുത്തി കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി ഒട്ടേറെത്തവണ ഓഫീസ് കയറിയിറങ്ങി. അഗ്നിബാധാ നിയന്ത്രണസംവിധാനമടക്കം പൂർത്തിയാക്കി. ഓരോ തവണയും നഗരസഭാധികൃതർ ഓരോ കാരണംപറഞ്ഞു മടക്കി. വെള്ളിയാഴ്ച പോയാൽ തിങ്കളാഴ്ച വരാൻ പറയും. തിങ്കളാഴ്ച പോയാൽ സെക്രട്ടറി അവധിയിലാണെന്നു പറയും. അങ്ങനെ പല തടസ്സവാദങ്ങൾ. മിക്കവാറും മാനേജരെയോ ഓഫീസ് സ്റ്റാഫിനെയോ ആണ് അയക്കാറ്്. എല്ലാറ്റിനും തടസ്സംനിന്നത് അവരാണ്- ബന്ധുക്കൾ വിരൽ ചൂണ്ടുന്നത് നഗരസഭാധ്യക്ഷയ്ക്കും സെക്രട്ടറിക്കും നേരെ. കെട്ടിടത്തിനെതിരേ വിവരാവകാശനിയമപ്രകാരം ചിലർ നീങ്ങി എന്നതൊക്കെ വിഷയത്തിൽനിന്ന് വ്യതിചലിക്കാൻ പറയുന്നതാണ്. നെല്ലിയോട്ട് അമ്പലവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പറഞ്ഞുകേൾക്കുന്നുണ്ട്. അമ്പലം പുനരുദ്ധാരണ കമ്മിറ്റിയുടെ എക്സിക്യുട്ടീവ് അംഗമായിരുന്നു സാജൻ. അമ്പലത്തിൽ കുളം നിർമിക്കാനൊക്കെ ഒപ്പംനിന്നു. പാർട്ടിക്കുവേണ്ടിയും പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. നഗരസഭാ അധികാരികളെ മറികടന്ന് ഉന്നതതലത്തിൽ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണോ പിന്നിലെന്നും സംശയമുണ്ട് -ബന്ധുക്കൾ പറഞ്ഞു. “പ്രവാസികൾ കേരളം വിട്ടുപോകണം. ഇവിടെ ആരും മുതൽമുടക്കരുത്. ഈ നാട് നശിച്ചുപോവട്ടെ...” സാജന്റെ ബന്ധുവായ വയോധികന്റെ വാക്കുകളിലുണ്ട് അധികൃതരോടുള്ള അമർഷത്തിന്റെ കനലുകൾ. പുതിയ കൺവെൻഷൻ സെന്ററിൽ ഇതുവരെ മൂന്നു കല്യാണങ്ങൾ കഴിഞ്ഞു. താത്കാലിക അനുമതിയോടെയായിരുന്നു ഇത്. അപ്പോഴും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു, വിവാഹിതരായവർക്ക് രജിസ്ട്രേഷനും മറ്റും അസൗകര്യമുണ്ടാവുമോ എന്നൊക്കെ ചിന്തിച്ച് -സാജന്റെ സഹോദരി ശ്രീലത ഓർക്കുന്നു. 15 വർഷം നീണ്ട പ്രവാസജീവിതത്തിനുശേഷം നാലുവർഷം മുമ്പാണ് സാജൻ കുടുംബസമേതം നാട്ടിലെത്തിയത്. പ്ലസ്വൺ വിദ്യാർഥി പാർഥിവും ഒമ്പതാംക്ലാസുകാരി അർഷിതയുമാണ് മക്കൾ. Content Highlights:pravasi business man suicide-sajans wife beena
from mathrubhumi.latestnews.rssfeed http://bit.ly/2RombQQ
via
IFTTT