ന്യൂഡൽഹി: ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ കൊണ്ടുവന്ന സ്വകാര്യബില്ലിൽ അപാകങ്ങളുണ്ടെന്ന് ബി.ജെ.പി. എന്നാൽ വിഷയത്തിൽ ബി.ജെ.പി. രാഷ്ട്രീയം കാണുകയാണെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച ശൂന്യവേളയിൽ ബി.ജെ.പി. അംഗം മീനാക്ഷി ലേഖിയാണ് സ്വകാര്യബില്ലിനെക്കുറിച്ച് പരാമർശിച്ചത്. ഉച്ചകഴിഞ്ഞ് പ്രേമചന്ദ്രൻ ബിൽ അവതരിപ്പിക്കാനിരിക്കെയായിരുന്നു ലേഖിയുടെ പരാമർശം. സ്വകാര്യബിൽ പൂർണമല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് നിയമനിർമാണം നടത്തണം. മതാചാരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. മാധ്യമവാർത്തകളിൽ ഇടംനേടുകയാണ് സ്വകാര്യബില്ലുകളുടെ ലക്ഷ്യം. ഈ വിഷയത്തിൽ സമഗ്രമായ ബില്ലാണ് വേണ്ടത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. 'ജയ് അയ്യപ്പ' എന്നുവിളിച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ, ഈ വിഷയത്തിൽ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിക്കുമ്പോൾ അധ്യക്ഷക്കസേരയിൽ സഭ നിയന്ത്രിച്ചത് മീനാക്ഷി ലേഖിയായിരുന്നു എന്നത് കൗതുകമായി. മുഖം രക്ഷിക്കാനുള്ള ശ്രമം ശബരിമല പ്രശ്നത്തിൽ ബി.ജെ.പി. യുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് മീനാക്ഷി ലേഖി നടത്തിയത്. ബില്ലിൽ അപാകമുണ്ടെന്ന പരാമർശം വസ്തുതാപരമല്ല. ബി.ജെ.പി. നയിക്കുന്ന കേന്ദ്രസർക്കാരിന്റെ നിയമവകുപ്പ്് മൂന്നുതവണ പരിശോധിച്ച ബില്ലാണ് അവതരിപ്പിച്ചത്. -എൻ.െക. പ്രേമചന്ദ്രൻ. content highlights:sabarimala, bjp,nk premachandran, meenakshi lekhi
from mathrubhumi.latestnews.rssfeed http://bit.ly/2J5NV9g
via
IFTTT