Breaking

Friday, June 21, 2019

ഹോർമുസ് കടലിടുക്കിൽ യു.എസ്. ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു

വാഷിങ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനുമുകളിൽ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക ഡ്രോൺ ഇറാൻ വ്യാഴാഴ്ച വെടിവെച്ചിട്ടു. പേർഷ്യൻ-ഒമാൻ ഉൾക്കടലുകൾക്കിടയിലാണ് ഹോർമുസ് കടലിടുക്ക്. ഹോർമുസിനോടുചേർന്ന് തങ്ങളുടെ വ്യോമപരിധി ലംഘിച്ച യു.എസിന്റെ ചാര ഡ്രോണാണ് വെടിവെച്ചിട്ടതെന്ന് ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർ (ഐ.ആർ.ജി.സി.) അറിയിച്ചു. തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗനിലെ കുഹ്മൊബാറക്കിനോടുചേർന്ന് ആകാശപരിധി കടന്ന ആർ.ക്യു.-4 ഗ്ലോബൽ ഹോക് എന്ന ഡ്രോൺ വെടിവെച്ചിടുകയായിരുന്നെന്ന് ഐ.ആർ.ജി.സി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹുസെയ്ൻ സലാമി പറഞ്ഞു. എന്നാൽ, വെടിവെച്ചിടുമ്പോൾ ഡ്രോൺ അന്താരാഷ്ട്ര വ്യോമാതിർത്തിയിലായിരുന്നെന്നും നാവികസേനയുടെ സമുദ്രനിരീക്ഷണത്തിനുള്ള എം.ക്യു.-4സി. ട്രിടൺ ഡ്രോണാണിതെന്നും യു.എസ്. റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളാകുന്നതിനിടെ ആദ്യമായാണ് ഇറാനൊരു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ഇറാന്റെ ദേശസുരക്ഷയും അതിർത്തിയും യു.എസ്. മാനിക്കണമെന്ന് ഔദ്യോഗിക ടെലിവിഷനിലൂടെ ഹുസെയ്ൻ സലാമി മുന്നറിയിപ്പുനൽകി. ''അതിർത്തികടന്നുള്ള എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടും. ഇറാൻ ഒരുരാജ്യത്തോടും യുദ്ധത്തിന് ആഹ്വാനംചെയ്യില്ല. എന്നാൽ, വേണ്ടിവന്നാൽ യുദ്ധത്തിന് ഞങ്ങൾ പൂർണസജ്ജരാണ്'' -അദ്ദേഹം പറഞ്ഞു. 2015-ൽ ഇറാനുമായി ആറു വൻശക്തിരാഷ്ട്രങ്ങൾ ഒപ്പിട്ട ആണവക്കരാറിൽനിന്ന് ഒരുവർഷം മുമ്പ് യു.എസ്. പിന്മാറിയതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും തുറന്ന പോരിലെത്തിയത്. യെെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ സൗദി അറേബ്യയിൽ ബോംബാക്രമണം നടത്തിയത് അടുത്തിടെയാണ്. യു.എസ്.-ഇറാൻ സംഘർഷത്തിന്റെ നാൾവഴി *2018 മേയ് 8: ഇറാനും ആറു വൻശക്തിരാഷ്ട്രങ്ങളും 2015-ൽ ഒപ്പുവെച്ച ആണവക്കരാറിൽനിന്ന് യു.എസ്. ഏകപക്ഷീയമായി പിന്മാറി. പിന്നാലെ ഇറാനുമേൽ ഉപരോധം പുനഃസ്ഥാപിക്കാൻ ഡൊണാൾഡ് ട്രംപ് നടപടിയാരംഭിച്ചു. * 2019 മേയ് 5: ഇറാനു മുന്നറിയിപ്പുമായി പശ്ചിമേഷ്യയിലേക്ക് യു.എസ്. വിമാനവാഹിനിക്കപ്പലും ബി-52 ബോംബറുകളും അയച്ചു. * മേയ് 8: 2015-ലെ ആണവക്കരാർപ്രകാരം അനുവദനീയമായതിലുമധികം സമ്പുഷ്ട യുറേനിയം സംഭരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രഖ്യാപിച്ചു. ആണവായുധനിർമാണം ലക്ഷ്യമിട്ടാണിത്. * മേയ് 12: യെമെൻ ഉൾക്കടലിലെ യു.എ.ഇ. തീരത്തോടുചേർന്ന് സൗദിയുടേതുൾപ്പെടെ നാല് എണ്ണക്കപ്പലുകൾക്ക് സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. ആക്രമണം നടത്തിയത് ഇറാനാണെന്നു യു.എസ്. ആരോപിച്ചെങ്കിലും ഇറാൻ നിഷേധിച്ചു. * ജൂൺ 13: ഒമാൻ ഉൾക്കടലിൽ ജപ്പാന്റെ രണ്ട് എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം നടന്നു. ആക്രമിച്ചത് ഇറാനാണെന്ന് യു.എസ്. വീണ്ടും ആരോപിക്കുകയും തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുകയുംചെയ്തു. ഇറാൻ ആരോപണം തള്ളി. * ജൂൺ 17: ജൂൺ 27-ഓടെ അനുവദനീയമായതിലും അധികം യുറേനിയം സംഭരിക്കാനാരംഭിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. * ജൂൺ 18: ഇറാന് മുന്നറിയിപ്പായി പശ്ചിമേഷ്യയിലേക്ക് 1000 സൈനികരെക്കൂടി അയക്കുമെന്ന് ചൊവ്വാഴ്ച യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പ്രഖ്യാപിച്ചു. ഇറാന്റെ 'വിദ്വേഷ പ്രതികരണത്തിന്' മുന്നറിയിപ്പാണിതെന്നും യു.എസ്. പറഞ്ഞു. Content Highlights:US Drone, Iran


from mathrubhumi.latestnews.rssfeed http://bit.ly/2IuJXrt
via IFTTT