ന്യൂഡൽഹി: രാജ്യത്ത് മൊബൈൽഫോൺ മോഷണം കൂടിവരുന്ന സാഹചര്യത്തിൽ ഐ.എം.ഇ.ഐ. നമ്പറുകളുടെ (ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയൽ നമ്പർ) പട്ടിക തയ്യാറാക്കാൻ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ.) എന്ന പേരിലുള്ള പട്ടിക വൈകാതെ പുറത്തുവരും. പട്ടിക പ്രാബല്യത്തിൽ വന്നാൽ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടവർ ആദ്യം പോലീസിൽ പരാതി നല്കിയശേഷം സഹായനമ്പറിലൂടെ ടെലികോംവകുപ്പിനെ വിവരമറിയിക്കണം. ഒപ്പം, ഫോൺ മോഷ്ടിക്കപ്പെട്ടതിന്റെ തെളിവായി പോലീസിൽനിന്നുള്ള റിപ്പോർട്ടും അപ്ലോഡ് ചെയ്യണം. തുടർന്ന് വകുപ്പ് ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറിനെ കരിമ്പട്ടികയിൽപ്പെടുത്തും. ഇതോടെ മോഷണംപോയ മൊബൈൽ ഫോണിൽനിന്ന് ആശയവിനിമയം സാധ്യമാകില്ല. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ഐ.എം.ഇ.ഐ. നമ്പറുകളെ പട്ടികയിലുൾപ്പെടുത്തുക. മോഷണം പോയതും നഷ്ടപ്പെട്ടവയുമായ മൊബൈലുകളുടെ ഐ.എം.ഇ.ഐ. നമ്പറുകളാണ് ബ്ലാക്ക് വിഭാഗത്തിലുണ്ടാവുക. യഥാർഥമാണെന്നു സ്ഥിരീകരിക്കാത്ത ഐ.എം.ഇ.ഐ. നമ്പറുകളാണ് ഗ്രേ വിഭാഗത്തിൽ. ഉപയോഗത്തിലുള്ളവയുടെ നമ്പറുകളാണ് വെള്ളയിലുണ്ടാവുക. ഐ.എം.ഇ.ഐ. നമ്പറുടെ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി 2017 ജൂലായിലാണ് ടെലികോംവകുപ്പ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുതവണ നടപ്പാക്കുകയും ചെയ്തു. 2019-20-ലെ ഇടക്കാല ബജറ്റിൽ പദ്ധതിക്കായി 15 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. Content Highlighst:Central Equipment Identity Register Implementation
from mathrubhumi.latestnews.rssfeed http://bit.ly/2IRhQBC
via
IFTTT