Breaking

Tuesday, June 25, 2019

തീവണ്ടിയാത്രക്കാരുടെ സുരക്ഷ; യൂണിഫോമിൽ ക്യാമറയൊരുക്കി ആർ.പി.എഫ്.

മംഗളൂരു: തീവണ്ടിയാത്രക്കാർക്ക് ക്യാമറക്കണ്ണുകളുടെ ഹൈടെക് സുരക്ഷയുമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർ.പി.എഫ്.). ഉദ്യോഗസ്ഥർക്ക് യൂണിഫോമിലണിയാൻപറ്റുന്ന ക്യാമറ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങി. പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മനോജ്കുമാറിന്റെ നിർദേശത്തെത്തുടർന്ന് കോഴിക്കോട്, മംഗളൂരു റെയിൽവേ സ്റ്റേഷനുകളിലെ ആർ.പി.എഫ്. ഉദ്യോഗസ്ഥർക്കാണ് യൂണിഫോമിലണിയാൻപറ്റുന്ന ക്യാമറ നൽകിയിരിക്കുന്നത്. രണ്ടുവീതം ക്യാമറകളാണ് ഇരുസ്ഥലങ്ങളിലും നൽകിയത്. ഇതു വിജയകരമായാൽ കൂടുതൽ ക്യാമറകൾ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെയും ആർ.പി.എഫ്. ഉദ്യോഗസ്ഥർക്കു നൽകും. യൂണിഫോമിൽ തോൾഭാഗത്തോടുചേർന്നാണ് അത്ര ശ്രദ്ധയിൽപ്പെടാത്തരീതിയിൽ ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ ശബ്ദവും ദൃശ്യങ്ങളും റെക്കോഡ് ചെയ്യപ്പെടും. വേണ്ട സമയങ്ങളിൽ ഫോട്ടോയെടുക്കാനുള്ള സൗകര്യവുമുണ്ട്. ക്യാമറയ്ക്കു പിറകിലെ സ്ക്രീനിൽ ദൃശ്യങ്ങൾ കാണാനുമാകും. മെമ്മറി കാർഡിലാണ് ദൃശ്യങ്ങളും ശബ്ദങ്ങളും ശേഖരിക്കപ്പെടുക. ഉദ്യോഗസ്ഥർ ജോലിതുടങ്ങുന്ന സമയത്ത് ക്യാമറ പ്രവർത്തിപ്പിച്ചുതുടങ്ങും. തീവണ്ടിയിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ അത് റെക്കോഡ് ചെയ്യപ്പെടും. യൂണിഫോമിൽ ഘടിപ്പിച്ചതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർക്ക് ശാരീരിക ഇടപെടലുകൾ നടത്തുന്നതിന് തടസ്സമാവുകയുമില്ല. ഇനി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അനാസ്ഥയുണ്ടായാൽ അതും ക്യാമറയിൽ പതിയും. Content Highlights:rpf, safety of train passengers


from mathrubhumi.latestnews.rssfeed http://bit.ly/2RxEovf
via IFTTT