Breaking

Sunday, June 2, 2019

കേരള കോൺഗ്രസ് എം: പരസ്യപ്പോരുമായി മുതിർന്ന നേതാക്കൾ

കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ നീറിപ്പുകഞ്ഞുനിന്നിരുന്ന തർക്കം പരസ്യസംഘർഷത്തിലേക്ക്. ആക്രമണസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിനെത്തുടർന്ന് കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ഇതുവരെ രഹസ്യനിലപാടുമായിനിന്ന നേതാക്കൾ പലരും പക്ഷമറിയിച്ച് രംഗത്തുവരുകയും ചെയ്തു. പലയിടത്തും പി.ജെ. ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും എതിർപക്ഷത്തെ നേതാക്കളുടെ കോലം കത്തിച്ചു. പ്രകടനങ്ങളുമുണ്ടായി. സംസ്ഥാനകമ്മിറ്റി വിളിക്കുക എന്ന നിലപാടിലുറച്ചാണ് ജോസ് കെ. മാണി വിഭാഗം. എന്നാൽ, വഴങ്ങാൻ ജോസഫ് തയ്യാറായിട്ടില്ല. പാർലമെന്ററി പാർട്ടി യോഗം വിളിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. അവിടെ സി.എഫ്. തോമസിനെ പാർലമെന്ററി പാർട്ടി ലീഡറായി നിശ്ചയിച്ച് ജോസ് കെ. മാണി പക്ഷത്ത് പിളർപ്പുണ്ടാക്കാനാണ് നീക്കം. പക്ഷം വെളിപ്പെടുത്തി ജോയ് എബ്രഹാം ജോസ് കെ. മാണി വിഭാഗത്തെ പരസ്യമായി വിമർശിച്ച് പാർട്ടിയുടെ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം രംഗത്തെത്തി. കഴിഞ്ഞദിവസം പി.ജെ. ജോസഫിന് എതിരായി തോമസ് ചാഴികാടൻ പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് ശനിയാഴ്ച ജോയ് രംഗത്തുവന്നത്. പാർട്ടി ഭരണഘടനയിലെ വകുപ്പ് 29 പ്രകാരം ചെയർമാന്റെ ചുമതലകളും അധികാരങ്ങളും വർക്കിങ് ചെയർമാനായ പി.ജെ. ജോസഫിൽ നിക്ഷിപ്തമാണ്. വർക്കിങ് ചെയർമാൻ ഇൻചാർജ് ഓഫ് ചെയർമാൻ, താത്കാലിക ചെയർമാൻ, ആക്ടിങ് ചെയർമാൻ എന്നിങ്ങനെ ഏതുപേരിൽ അറിയപ്പെട്ടാലും അത് നിയമപരമായി ശരിയാണ്. തോമസ് ചാഴികാടന്റെ പ്രസ്താവന അനാവശ്യമാണ്. രാജാവിനെക്കാൾ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന ചാഴികാടന്റെ പ്രസ്താവനകൾ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും ജോയ് പറഞ്ഞു. ജോസഫ് വിഭാഗത്തോട് ജോയ് എബ്രഹാം ആഭിമുഖ്യം പുലർത്തുന്നതായി നേരത്തേ ജോസ് കെ. മാണി വിഭാഗം ആരോപിച്ചിരുന്നു. ഇതിന് അടിവരയിടുന്ന പ്രസ്താവനയാണിത്. പാർട്ടി ഐക്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോഴും സജീവമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ലെന്ന് ജോയ് പറയുന്നു. ആക്ടിങ് ചെയർമാൻ, താത്കാലിക ചെയർമാൻ പദവികൾ പാർട്ടിയിലില്ലെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. 54 വർഷം കെ.എം. മാണി ചോരചിന്തി വളർത്തിയ പാർട്ടിയെ തകർക്കാൻ സമ്മതിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജോയ് എബ്രഹാമിന്റെ യഥാർഥ ഭക്തിയും കൂറും ആരോടാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാരസമിതിയംഗം വി.ടി. ജോസഫ് പറഞ്ഞു. കെ.എം. മാണിയുടെ വിശ്വസ്തനായി അഭിനയിച്ച് ജോയ് എബ്രഹാം പദവികൾ സ്വന്തമാക്കി. മാണിയുടെ മരണശേഷം അദ്ദേഹത്തെയും പാർട്ടിയെയും തള്ളിപ്പറഞ്ഞു. ഇന്ന് ജോയ് എബ്രഹാമിന് ഒരു ഒറ്റുകാരന്റെ മുഖമാണുള്ളതെന്നും വി.ടി. ജോസഫ് കുറ്റപ്പെടുത്തി. അതിനിടെ, പി.ജെ. ജോസഫിന്റെ കോലം കത്തിക്കാൻ ആഹ്വാനം ചെയ്തതിന് പാർട്ടി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്തിനെ തത്സ്ഥാനത്തുനിന്ന് നീക്കിയതായി പ്രസിഡന്റ് എം.ജെ. ജേക്കബ് അറിയിച്ചു. Content Highlights:Kerala Congress m Internal Conflict


from mathrubhumi.latestnews.rssfeed http://bit.ly/2IbHG3c
via IFTTT