തിരുവനന്തപുരം: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകൾ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ എന്നിവിടങ്ങൾ ആക്രമണങ്ങൾക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങൾ വിവരിക്കുന്ന കത്ത് ഇന്റലിജൻസ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ നിന്ന് തിരിച്ചടികൾ നേരിട്ടതോടെ ഐഎസ് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഐഎസിൽ ചേർന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളിൽ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് പോലീസിന് ഇന്റലിജൻസ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയിൽ ഭീകരാക്രമണത്തിന് സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഐഎസുമായി ബന്ധപ്പെട്ട സൈബർ പ്രവർത്തനങ്ങൾ രാജ്യത്ത് ഇപ്പോൾ സജീവമാണ്. അതിനാൽ എപ്പോൾ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഐഎസ് സാന്നിധ്യം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ജമ്മു കശ്മീർ, തെലങ്കാന, ആന്ധ്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ടെലഗ്രാം മെസഞ്ചർ വഴിയാണ് ഏറ്റവും കൂടുതൽ ഇവർ ആശയവിനിമയം നടത്തുന്നത്. എന്നാൽ വിവരങ്ങൾ ചോരുന്നു എന്ന ഭയത്താൽ ചില ആപ്പുകളും ഭീകരർ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്നും ഇന്റലിജൻസ് കൈമാറിയ കത്തിൽ പറയുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയും ശ്രീലങ്കയുമാണ് ഇപ്പോൾ ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങൾ. കേരളത്തിൽ നിന്ന് നൂറോളം പേരാണ് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി രാജ്യം വിട്ടത്. 21 കൗൺസിലിങ് സെന്ററിലായി നടത്തിയ നിരന്തരമായ കൗൺസിലിങ്ങുകളിലൂടെ 3000 പേരെ ഭീകരവാദ ആശയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനായെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇവർ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരിൽ ഭൂരിഭാഗം ആളുകളും ഉത്തരകേരളത്തിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 250 പേർ കൊല്ലപ്പെട്ട ശ്രീലങ്കൻ ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തിലെ 30 പേർ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന് പിന്നാലെ കേരളാ തീരത്ത് ജാഗ്രത വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. Content Highlioghts: ISIS ThreatKochi,Intelligence, Kerala, Police, Terrorism
from mathrubhumi.latestnews.rssfeed http://bit.ly/2L0O5kI
via
IFTTT