പാലോട്: അയൽസംസ്ഥാനത്തുനിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്ന ഭാര്യയെ രാത്രി വീട്ടിൽനിന്നു പുറത്താക്കി ഗേറ്റു പൂട്ടിയ ഭർത്താവിനെതിരേ പാലോട് പോലീസ് കേസെടുത്തു. പാലോട് പെരിങ്ങമ്മല പനങ്ങോട് തടത്തരികത്ത് വീട്ടിൽ രതീഷി(മൊട്ട രതീഷി)െനതിരേയാണ് കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തത്. ഇയാളുടെ ഭാര്യ ഈ മാസം ബെംഗളൂരുവിൽനിന്നു വന്ന് വീട്ടിൽ ക്വാറന്റീനിലായിരുന്നു. ഇതിനുശേഷം രതീഷ് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതായി അയൽവാസികൾ പരാതിനൽകി. ആരോഗ്യവകുപ്പ് അധികൃതരും പോലീസും ഇയാളെ വിളിച്ചുവരുത്തി താക്കീതുചെയ്ത് വിട്ടയച്ചു. ഭാര്യയാണ് വിവരം പോലീസിനു കൈമാറുന്നതെന്നു തെറ്റിദ്ധരിച്ച രതീഷ് ഞായറാഴ്ച രാത്രി ഏഴുമണിയോടെ ബലംപ്രയോഗിച്ച് ഭാര്യയെ വീടിനു വെളിയിലാക്കി വീടും ഗേറ്റും പൂട്ടി. വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും പോലീസും ആവശ്യപ്പെട്ടിട്ടും ഇയാൾ വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം ഭാര്യയെ ആരോഗ്യവകുപ്പ് അധികൃതർ സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2WZqg2m
via
IFTTT