Breaking

Friday, May 29, 2020

അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചയാവാമെന്ന് നേപ്പാള്‍; വിശ്വാസമാണ് ആദ്യം വേണ്ടെതെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ ചർച്ചകൾ നടത്താമെന്ന ആവശ്യവുമായി നേപ്പാൾ. വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള ചർച്ചകൾക്ക് തുടക്കമിടാനാണ് നേപ്പാൾ ശ്രമിക്കുന്നത്. എന്നാൽ ചർച്ചകൾ നടത്തുന്നതിന് മുമ്പ് വിശ്വാസവും ആത്മവിശ്വാസവും ഉണ്ടാകാനുള്ള അന്തരീക്ഷം വേണമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. പരസ്പര സംവേദനക്ഷമതയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ അയൽക്കാരുമായും ഇടപഴകാൻ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വിഷയത്തിൽ നേപ്പാൾ അംബാസിഡറിന് ഇന്ത്യൻ അധികൃതരെ കാണാൻ ശ്രമിച്ചിട്ടും നടന്നില്ലെന്നുനേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ സമ്പർക്കത്തിന് യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്ള നേപ്പാൾ അംബാസിഡറുമായി നിലവിൽ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ കാര്യങ്ങൾ നോക്കുന്ന വിദേശകാര്യ ജോയിന്റ് സെക്രട്ടറി പീയൂഷ് ശ്രീവാസ്തവ പലതവണയായി നേപ്പാൾ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കഴിഞ്ഞ നവംബറിൽ ഇന്ത്യ പുതിയ മാപ്പ് പ്രസിദ്ധീകരിച്ച അന്നുമുതൽ ഇന്ത്യയുമായി കാലാപാനി പ്രദേശത്തിന്റെ തർക്കത്തിൽ ചർച്ച നടത്താൻ നേപ്പാൾ ശ്രമിച്ചിരുന്നുവെന്നാണ് വിവരങ്ങൾ. എന്നാൽ കാലാപാനി ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ അതിന് ഭരണഘടനാ സാധുത നൽകാനുള്ള നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ നേപ്പാൾ വീണ്ടും ഇന്ത്യയുമായി ചർച്ചയ്ക്ക് ശ്രമിച്ചത്. നേപ്പാളിന്റെ പുതിയ ഭൂപടത്തെ ആദ്യം പിന്തുണച്ച പ്രധാന പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് വിഷയത്തിൽ പുനരാലോചനയിലാണ്. മറ്റൊരു കക്ഷിയായമധേശി കോൺഗ്രസും കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ചർച്ചയ്ക്കായി നേപ്പാൾ മുന്നോട്ടുവന്നിരിക്കുന്നത്. Content Highlights:Nepal pushes for talks, India says need to to create trust first


from mathrubhumi.latestnews.rssfeed https://ift.tt/2Xe4JTD
via IFTTT