Breaking

Sunday, May 31, 2020

ഗുജറാത്തിൽ ഇനി മൊത്തം കോവിഡ് കണക്ക് നൽകില്ല; പകരം ഭേദമായവരുടെ എണ്ണം

അഹമ്മദാബാദ്: കോവിഡ് മരണങ്ങളുടെ പേരിൽ കോടതിയിൽനിന്ന് കടുത്ത വിമർശനമേറ്റതിനുപിന്നാലെ ഗുജറാത്ത് ആരോഗ്യവകുപ്പിൻറെ പോർട്ടലിൽനിന്ന് ആകെ കോവിഡ് രോഗികളുടെ എണ്ണം നീക്കംചെയ്തു. ദിവസേനയുള്ള അറിയിപ്പിലും ഇക്കാര്യമില്ല. പകരം ഭേദമായവരുടെ എണ്ണത്തിനാണ് പ്രാധാന്യം നൽകുന്നത്. മൊത്തം കോവിഡ് രോഗികളുടേതിനുപകരം ചികിത്സയിലുള്ളവരുടെ എണ്ണം മാത്രമാണു നൽകുക. ഭേദമായവരുടെ എണ്ണത്തിനും തുല്യപ്രാധാന്യം നൽകും. ഐ.സി.എം.ആറിൻറെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിനാൽ സംസ്ഥാനത്ത് കോവിഡ് മുക്തരുടെ എണ്ണം കുതിച്ചുയർന്നിരുന്നു. ഇപ്പോൾ ആകെ രോഗികളുടെ 54 ശതമാനവും ആശുപത്രി വിട്ടുകഴിഞ്ഞു. 40 ശതമാനം മാത്രമാണ് യഥാർഥ രോഗികളായുള്ളത്. എങ്കിലും പത്തുദിവസമായി ശരാശരി 370 രോഗികളും 24 മരണവും വീതം കൂടുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തിനു പ്രാധാന്യം നൽകുന്നത് ആളുകളെ ഭയപ്പെടുത്തുന്നെന്നും ഭേദമാവുന്ന രോഗമാണെന്നു ചൂണ്ടിക്കാട്ടുന്നത് പ്രതീക്ഷ വളർത്തുമെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറയുന്നു. രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണത്തിൽ നാലാമതും മരണനിരക്കിൽ രണ്ടാമതുമാണ് ഗുജറാത്ത്. മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്; 6.1 ശതമാനം. അഹമ്മദാബാദിൽ ഇത് 6.8 ശതമാനവുമാണ്. മഹാരാഷ്ട്രയെക്കാളും കൂടുതലാണ് ഗുജറാത്തിലെ മരണ നിരക്ക്. എന്നാൽ, കോവിഡ് ബാധിതർക്ക് രോഗലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്ന നയം സ്വീകരിച്ചതോടെയാണ് സംസ്ഥാനത്ത് രോഗമുക്തരുടെ എണ്ണം കൂടിയത്. ഇവരെ പരിശോധനയില്ലാതെ ഡിസ്ചാർജ് ചെയ്യുകയാണ്. ഇതിനെതിരേ പരാതി ചെന്നതിനെത്തുടർന്ന് ഹൈക്കോടതി ഐ.സി.എം.ആറിനോട് വിശദീകരണം തേടിയിട്ടുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കളെപ്പോലും ലക്ഷണമില്ലെങ്കിൽ പരിശോധിക്കുന്നില്ല. ഏതാനും ദിവസമായി ആരോഗ്യവകുപ്പ് പത്രസമ്മേളനങ്ങളും ഉപേക്ഷിച്ചിരിക്കുകയാണ്. മൊത്തം രോഗികളുടെ എണ്ണം മാധ്യമങ്ങൾ ഇപ്പോൾ കണക്കൂകൂട്ടി എടുക്കുകയാണ്. Content Highlights:Gujarat no longer provides the total Covid cases


from mathrubhumi.latestnews.rssfeed https://ift.tt/3cj1miy
via IFTTT