കാസർകോട്/മടിക്കൈ: കാസർകോട് ജില്ലയിൽ രണ്ട് വ്യത്യസ്തസംഭവങ്ങളിൽ ഉറങ്ങിക്കിടന്ന രണ്ടു കുഞ്ഞുങ്ങൾ മരിച്ചനിലയിൽ. ചൗക്കി പെരിയടുക്കത്തെ ജാഫറിന്റെയും വാഹിദയുടെയും മകൾ മൂന്നരവയസ്സുകാരി നഫീസത്ത് മിസ്രിയയാണ് മരിച്ച ഒരു കുഞ്ഞ്. ബങ്കളം കൂട്ടപ്പുനയിലെ കെ.വി.മനോജിന്റെയും സിന്ധുവിന്റെയും മൂന്നുമാസം പ്രായമായ ആൺകുട്ടിയാണ് മരിച്ച രണ്ടാമത്തെ കുഞ്ഞ്. ഞായറാഴ്ച രാവിലെ ഉണരാത്തതിനെത്തുടർന്ന് നഫീസത്ത് മിസ്രിയയെ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് ഇത് റിപ്പോർട്ട് ചെയ്യുന്നതിന് കാസർകോട് ജനറൽ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടർമാർ മൃതദേഹപരിശോധനയ്ക്ക് നിർദേശിച്ചു. പരിശോധന ഒഴിവാക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെ അനുമതി വേണമെന്നുപറഞ്ഞ് ടൗൺ പോലീസ് സ്‌റ്റേഷനിലേക്കയക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, മൃതദേഹപരിശോധന ഒഴിവാക്കാൻ ഡോക്ടറുടെ അനുമതിയാണ് വേണ്ടതെന്നുപറഞ്ഞ് പോലീസ് തിരിച്ചയച്ചു. പിന്നീട് ആസ്പത്രിയിലെത്തിച്ച് കോവിഡ് പരിശോധനയ്ക്കായി കുട്ടിയുടെ സ്രവമെടുക്കുകയും മൃതദേഹപരിശോധനയ്ക്കുള്ള രേഖകൾ തയ്യാറാക്കി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് സർജൻ ഇല്ലാത്തതിനാൽ മൃതദേഹം പരിശോധനയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ 9.30-ന് സ്രവമെടുത്തെങ്കിലും പരിശോധനയ്ക്കയച്ചത് വൈകുന്നേരം അഞ്ചിനാണെന്നും ഇക്കാരണത്താൽ പരിശോധനാഫലം തിങ്കളാഴ്ച വൈകുന്നേരമാണ് ലഭിച്ചതെന്നും ഫലം വൈകിയതിനാൽ മൃതദേഹപരിശോധന വൈകിയെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. സ്രവപരിശോധനാഫലം നെഗറ്റീവാണെന്നും മൃതദേഹപരിശോധനാ റിപ്പോർട്ടിൽ മാത്രമേ മരണകാരണം വ്യക്തമാവൂ എന്നും ബന്ധുക്കളറിയിച്ചു. സഹോദരൻ: ജൗഹർ.ബങ്കളം കൂട്ടപ്പുനയിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് രാവിലെ ഉറക്കമുണരാത്തതിനെത്തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2TDxcQA
via
IFTTT