ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ശനിയാഴ്ച നടക്കും. അടച്ചിടൽ നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് വാർഷികമാഘോഷിക്കുന്നത്. രാജ്യവ്യാപകമായി വെർച്വൽ റാലികളും ആയിരം ഓൺലൈൻ സമ്മേളനങ്ങളും നടക്കും. വൈകീട്ട് നാലിന് ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡ സാമൂഹിക മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. 2019 മേയ് 30-നാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ആഘോഷ പരിപാടികളാണ് ബി.ജെ.പി. ആവിഷ്കരിച്ചിരിക്കുന്നത്. 'പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രിയനായ ലോക നേതാവ്' എന്ന മുദ്രാവാക്യം ഉയർത്തി സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ താഴെത്തട്ടിൽ എത്തിക്കും. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം, മുത്തലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതി, ആത്മനിർഭർ പാക്കേജ്, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. വലിയ സംസ്ഥാനങ്ങളിലെ യൂണിറ്റുകൾ രണ്ട് വെർച്വൽ റാലികളും ചെറിയ സംസ്ഥനങ്ങളിലെ യൂണിറ്റുകൾ ഒരു റാലി വീതവും നടത്തും. കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചീത്രീകരിക്കുന്ന ഒരു വീഡിയോ ശനിയാഴ്ച പുറത്തിറക്കും. ഇത് സംസ്ഥാനഘടകങ്ങൾ പ്രാദേശിക ഭാഷകളിൽ മൊഴിമാറ്റി ജനങ്ങളിലെത്തിക്കും.കോവിഡ് പ്രതിരോധ നടപടികൾ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ കൈപ്പടയിലുള്ള കത്ത് പത്തുകോടി കുടുംബങ്ങളിൽ എത്തിക്കും. Content Highlights:modi government celebrating first anniversary
from mathrubhumi.latestnews.rssfeed https://ift.tt/3gAWWag
via
IFTTT