Breaking

Thursday, May 28, 2020

ചക്കവീണ് പരിക്കേറ്റയാൾ കോവിഡ് മുക്തനായി

പരിയാരം: ചക്ക വീണ് പരിക്കേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് ബാധിതൻ രോഗമുക്തനായി. അപകടത്തിൽ പരിക്കേറ്റ 43-കാരനായ കാസർകോട് സ്വദേശിക്കാണ് ശസ്ത്രക്രിയയ്ക്ക് മുമ്പ് സ്രവപരിശോധന നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചക്കവീണുണ്ടായ പരിക്കിനും കോവിഡിനും ചികിത്സ ആരംഭിക്കുകയായിരുന്നു.കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽനിന്ന്‌ മേയ് 19-ന് അതിഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ച രോഗിയുടെ കഴുത്തിലെ കശേരുക്കൾ തകർന്നതായും സുഷുമ്‌നാനാഡിക്ക് സാരമായ പരിക്കേറ്റതായും പരിശോധനയിൽ വ്യക്തമായി. കാസർകോട്ടുനിന്നു വന്നതിനാൽ സംശയത്തെത്തുടർന്ന് സ്രവപരിശോധന നടത്തുകയായിരുന്നു.കോവിഡ് ബാധിതനാണെന്ന മുന്നറിയിപ്പില്ലാതെ എത്തിയ രോഗിയുമായി സമ്പർക്കമുണ്ടായ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ആരോഗ്യപ്രവർത്തകരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ തുടർച്ചയായ രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവായി. കോവിഡ് മുക്തനായതോടെ അദ്ദേഹത്തെ കോവിഡ് ഐസൊലേഷൻ ഐ.സി.യു.വിൽനിന്ന്‌ ന്യൂറോ സർജറി ഐ.സി.യു.വിലേക്ക് മാറ്റി.


from mathrubhumi.latestnews.rssfeed https://ift.tt/3dcEx16
via IFTTT