കറാച്ചി: പാകിസ്താനിൽ കഴിഞ്ഞവെള്ളിയാഴ്ച തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അന്വേഷകർ മൂന്നുകോടിരൂപ കണ്ടെടുത്തു. ലഹോറിൽനിന്ന് കറാച്ചിയിലേക്ക് വരുകയായിരുന്ന പി.കെ. 8303 വിമാനം ജിന്ന വിമാനത്താവളത്തിനുസമീപം ജനവാസകേന്ദ്രത്തിൽ തകർന്നുവീണ് ഒമ്പതുകുട്ടികളടക്കം 97 പേരാണ് മരിച്ചത്. രണ്ടുപേർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.രണ്ടുബാഗിൽനിന്നായി വിവിധ രാജ്യങ്ങളിലെ കറൻസിയാണ് കണ്ടെടുത്തിട്ടുള്ളത്. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും സ്കാനറുകളും മറികടന്ന് ഇത്രയധികം തുക എങ്ങനെ വിമാനത്തിലെത്തിയതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന്റെ കോക്പിറ്റ് റെക്കോഡർ കഴിഞ്ഞദിവസം അന്വേഷണസംഘം കണ്ടെടുത്തിരുന്നു. വിമാനം റൺവേയിൽ മൂന്നുതവണ ഇടിച്ചുയർന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എൻജിൻ തകരാറിലാവാൻ ഇതാണോ കാരണമായതെന്ന് പരിശോധിക്കും. വിമാനം അതിവേഗം റൺവേയിലേക്ക് വരാനുണ്ടായ കാരണവും പരിശോധിക്കും. വോയ്‍സ് റെക്കോഡർ ഫ്രാൻസിലേക്ക് അയച്ച് നടത്തുന്ന പരിശോധനയിൽ ഇതേക്കുറിച്ചെല്ലാം വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്. ഇതുവരെ 47 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അതിൽ 43 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. യാത്രക്കാരുടെ ലഗേജുകളും ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Bh3jiL
via
IFTTT