Breaking

Friday, May 29, 2020

രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു;മുംബൈയില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും

മുംബൈ: മഹാരാഷ്ടയിൽ ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യത നിലനിൽക്കുമ്പോഴും കൊറോണാബാധിതരുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്ത് മുംബൈ നഗരത്തിൽ കർശനന നിയന്ത്രണങ്ങൾ തുടർന്നേക്കും. മെയ് 29-നോ 30-നോ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസ്ഥാനത്ത് തുടരേണ്ട നിയന്ത്രണങ്ങളെ കുറിച്ച് തീരുമാനിക്കുമെന്ന് സംസ്ഥാന ജലവിഭവമന്ത്രി ജയന്ത് പാട്ടീൽ അറിയിച്ചു. മെയ് 31 ന് നാലാംഘട്ട ലോക്ക്ഡൗൺ പൂർത്തിയാകുമ്പോൾ പ്രധാനമന്ത്രി കൈക്കൊള്ളുന്ന നിർദേശങ്ങൾക്കനുസൃതമായാവും നിയന്ത്രണങ്ങൾ തുടരുകയെന്ന് ജയന്ത് പാട്ടീൽ വ്യക്തമാക്കി. ചില ഇളവുകൾ നൽകാമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ വിഷയത്തിൽ കേന്ദ്രതീരുമാനത്തിനനുസരിച്ചായിരിക്കും ഇളവുകൾ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാമുൻകരുതലോടെ സാമ്പത്തികപ്രക്രിയകൾ പുനരാരംഭിക്കണമെന്നാണ് ശരദ് യാദവ് ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം. എന്നാൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യം തുടർന്നാൽ ഇളവുകൾ നൽകുന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു മാത്രമേ തീരുമാനത്തിലെത്തിലെത്താൻ സാധിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. വ്യാപാരമേഖല സാധാരണനിലയിലേക്കെത്താത്ത സാഹചര്യത്തിൽ വ്യാവസായിക മേഖലയുടെ പ്രവർത്തനം പുനരാരംഭിച്ചത് കൊണ്ട് പ്രയോജനമില്ലെന്ന് ഒരു സംഘം വിദഗ്ധർ പറയുന്നു. എങ്കിലും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നതെന്ന് ഉന്നതവൃത്തം നൽകുന്ന സൂചന. കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം ഇളവുകൾ അനുവദിക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 59,546 കോവിഡ് കേസുകളിൽ 35,485 കേസുകളും മുബൈയിൽ നിന്നാണ്. നിലവിൽ സംസ്ഥാനത്ത് 38,939 രോഗബാധിതരുണ്ട്. 8,650 പേർ രോഗമുക്തി നേടി. 1,982 പേർക്ക് ജീവഹാനി സംഭവിച്ചതിൽ 1,135 പേർ മുംബൈയിൽ നിന്നാണ്.


from mathrubhumi.latestnews.rssfeed https://ift.tt/36JkAwK
via IFTTT