Breaking

Saturday, May 30, 2020

ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം ലോകത്തിന് മാതൃകയാകും; ജനങ്ങള്‍ക്ക്‌ മോദിയുടെ കത്ത്

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ രാജ്യത്തെ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വർഷത്തിനുള്ളിൽ തന്റെ സർക്കാർ കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്. രാജ്യത്തിനായുള്ള തന്റെ സാമ്പത്തിക വീക്ഷണവും വെല്ലുവിളികളും മോദി കത്തിൽ പ്രതിപാദിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ കൂട്ടായ കരുത്ത് ജനങ്ങൾ ലോകത്തിന് കാണിച്ചുക്കൊടുത്തെന്നാണ് തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ മോദി വിശേഷിപ്പിച്ചത്. കൊറോണവൈറസ് മഹാമാരിമൂലമുണ്ടായ പ്രതിസന്ധിയെ പരാമർശിച്ച പ്രധാനമന്ത്രി, ദിവസവേതന തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ഏകീകൃതവും നിശ്ചയദാർഢ്യത്തോടെയും തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ കരുത്തിൽ സാമ്പത്തിക വഴിത്തിരിവുണ്ടാകും. ഇതിന് ലോകത്തെ ആശ്ചര്യപ്പെടുത്താനും പ്രചോദിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം പ്രതീക്ഷിച്ചിരുന്നത് കൊറോണവൈറസ് മഹാമാരി ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ്. എന്നാൽ ഇന്ത്യക്കാർ പൂർണ്ണ ആത്മവിശ്വാസത്തിലൂടെയും ഊർജ്ജസ്വലതയിലൂടെയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങൾ തെളിയിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയിൽ ആർക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് തീർച്ചയായും അവകാശപ്പെടാനാവില്ല. നമ്മുടെ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, കരകൗശല തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ അത്തരത്തിലുള്ള നമ്മുടെ നാട്ടുകാർ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഞങ്ങൾ ഏകീകൃതവും നിശ്ചയദാർഢ്യവുമായ രീതിയിൽ പ്രവർത്തിക്കുന്നു പ്രധാനമന്ത്രി കത്തിൽ കുറിച്ചു. കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഐക്യത്തോടെയും നിശ്ചദാർഢ്യത്തോടെയും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രീതി വെച്ചുനോക്കുമ്പോൾ, സാമ്പത്തിക പുനരുജ്ജീവനത്തിലും നാം ഒരു മാതൃക കാണിക്കുമെന്ന ഉറച്ചവിശ്വാസമുണ്ട്. സാമ്പത്തിക മേഖലയിൽ അവരുടെ ശക്തിയിൽ 130 കോടി ഇന്ത്യക്കാർക്ക് ലോകത്തെ അത്ഭുതപ്പെടുത്താൻ മാത്രമല്ല, പ്രചോദിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ഭാരത് അഭിയാന്റെ അജണ്ട മുന്നോട്ടുവെച്ച പ്രധാനമന്ത്രി സ്വയം ആശ്രയിക്കുന്നത് കാലത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. സ്വന്തം കഴിവുകളെ അടിസ്ഥാനമാക്കി നമുക്ക് നമ്മുടേതായ രീതിയിൽ മുന്നോട്ട്പോകേണ്ടതുണ്ട്. അതിന് ഒരു വഴിയേ ഉള്ളൂ, ആത്മനിർഭർ ഭാരത്, അല്ലെങ്കിൽ സ്വാശ്രയ ഇന്ത്യ. ഈ സംരംഭം ഓരോ ഇന്ത്യക്കാരനേയും അവസരങ്ങളുടെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കും, നമ്മുടെ കർഷകരോ തൊഴിലാളികളോ ചെറുകിട സംരംഭകരോ സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട യുവാക്കളോ ആകട്ടെ മോദി വ്യക്തമാക്കി. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളും പ്രശ്നങ്ങളുമുണ്ട്. ഞാൻ രാവും പകലും ജോലിചെയ്യുന്നു. എന്നിൽ കുറവുകൾ ഉണ്ടാകാം, പക്ഷേ നമ്മുടെ രാജ്യത്തിന് കുറവൊന്നുമില്ല. എന്റെ ദൃഢനിശ്ചയത്തിനുള്ള കരുത്തിന്റെ ഉറവിടം നിങ്ങളാണ്, നിങ്ങളുടെ പിന്തുണ, അനുഗ്രഹങ്ങൾ, വാത്സല്യം എന്നിവയൊക്കെയാണ്. ആഗോള മഹാമാരി കാരണം, ഇത് തീർച്ചയായും പ്രതിസന്ധിയുടെ സമയമാണ്, പക്ഷേ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഉറച്ച പരിഹാരത്തിനുള്ള സമയമാണ്. ഞങ്ങൾ പുരോഗതിയുടെ പാതയിൽ മുന്നോട്ട് പോകും, വിജയം നമ്മുടേതായിരിക്കും എന്നിങ്ങനെ പറഞ്ഞുക്കൊണ്ട് പ്രധാനമന്ത്രി കത്ത് അവസാനിപ്പിച്ചു. Content Highlights:"Will Set An Example In Economic Revival-PM Modi has written a letter to the citizens of India


from mathrubhumi.latestnews.rssfeed https://ift.tt/2XFZBXy
via IFTTT