Breaking

Thursday, May 28, 2020

കൂടുതൽ ഇളവുകളോടെ അടച്ചിടൽ നീട്ടിയേക്കും

ന്യൂഡൽഹി: അടച്ചിടൽ കൂടുതൽ ഇളവുകളോടെ ജൂൺ 15 വരെ നീട്ടിയേക്കുമെന്നു സൂചന. ഗുരുതര രോഗവ്യാപനമുള്ള രാജ്യത്തെ 11 നഗരങ്ങളിൽ കർശന നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ട് മറ്റു മേഖലകളിൽ ഇളവുകൾ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ, അടച്ചിടൽ നീട്ടുമെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം. നാലാംഘട്ടം അടച്ചിടൽ ഈ മാസം 31 വരെയാണ് നിലവിലുള്ളത്. രാജ്യത്തെ 70 ശതമാനം കേസും ഉണ്ടാകുന്ന 11 നഗരത്തിൽ അതിനുശേഷവും കർശന നിയന്ത്രണങ്ങൾ തുടരും. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, പുണെ, താനെ, ജയ്‍പുർ, സൂറത്ത്, ഇന്ദോർ എന്നീ നഗരങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത.അഞ്ചാംഘട്ടത്തിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തും. ആരാധനാലയങ്ങളും ജിമ്മുകളും തുറക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാനാണ് ആലോചന. ഉത്സവങ്ങളോ കൂട്ടംചേരലുകളോ അനുവദിക്കില്ല. സിനിമാ ഹാളുകൾ, മാളുകൾ, വിദ്യാലയങ്ങൾ എന്നിവയുടെ അടച്ചിടൽ നീട്ടിയേക്കും. 31-നുശേഷവും അടച്ചിടൽ നീട്ടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/36MMMPn
via IFTTT