Breaking

Sunday, May 31, 2020

പോലീസ് സ്റ്റേഷനിൽ കയറി വധഭീഷണി മുഴക്കിയ സി.പി.എം. നേതാക്കൾ ഒളിവിൽ

കുമളി: വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് നേരേ വധഭീഷണി മുഴക്കിയ സി.പി.എം. നേതാക്കൾ അറസ്റ്റ് ഭയന്ന് ഒളിവിൽ. പ്രതികൾക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് ഇവർ മുങ്ങിയത്. സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.തിലകൻ, പീരുമേട് ഏരിയാ സെക്രട്ടറി ജി.വിജയാനന്ദ്, റെനിൽ എന്നിവരാണ് ഒളിവിൽ പോയത്. ആദ്യം സംഭവത്തിൽ നിസ്സാര വകുപ്പുകൾ ചേർത്താണ് കേസെടുത്തിരുന്നതെങ്കിലും പ്രതിഷേധമുയർന്നപ്പോൾ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.ബുധനാഴ്ചയാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഡി.വൈ.എഫ്.ഐ. നേതാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ബൈക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ നേതാക്കൾ പോലീസ് ഉദ്യോഗസ്ഥരോട് കയർക്കുകയും അസഭ്യം പറഞ്ഞ് വധഭീഷണി മുഴക്കുകയുമായിരുന്നു. വീട്ടിൽ കയറി വെട്ടുമെന്നുവരെ ഭീഷണിപ്പെടുത്തി. സംഭവം പോലീസുകാർ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.എന്നാൽ കൊലവിളി നടത്തുന്നതിന്റെ രണ്ടര മിനിറ്റ്‌ ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ കളം മാറി. മാധ്യമങ്ങളിലും വാർത്ത വന്നതോടെ നിസ്സാര വകുപ്പ് ചുമത്തി ആദ്യം കേസെടുത്തു. വെള്ളിയാഴ്ചയാണ് ജാമ്യമില്ലാവകുപ്പുകൂടി ചേർത്തത്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനായി അറസ്റ്റ് പോലീസ് മനഃപൂർവം വൈകിപ്പിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഇതുന്നയിച്ച് കോൺഗ്രസ്, ബിജെ.പി. പ്രവർത്തകർ വണ്ടിപ്പെരിയാറ്റിൽ പ്രതിഷേധിച്ചിരുന്നു.പോലീസ് വകുപ്പുമാറ്റി കേസ് രജിസ്റ്റർ ചെയ്ത വിവരം സ്റ്റേഷനിൽനിന്ന്‌ നേതാക്കൾക്ക് ചോർത്തിയെന്ന സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തുന്നുണ്ട്. ആർ.തിലകനും ജി.വിജയാനന്ദിനും പരസ്യശാസന കുമളി: വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ കയറി പോലീസ് ഉദ്യോഗസ്ഥരോട് വാക്കേറ്റം നടത്തുകയും മോശമായി പെരുമാറുകയും ചെയ്ത സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.തിലകൻ, ജില്ലാ കമ്മിറ്റിയംഗം ജി.വിജയാനന്ദ് എന്നിവരെ പരസ്യമായി ശാസിക്കാൻ ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3dhlwe0
via IFTTT