കണ്ണൂർ : രോഗപ്പകർച്ചയുടെ ഉറവിടമറിയാതെ പോസിറ്റീവ് കേസുകൾ ആവർത്തിക്കുന്നത് കണ്ണൂരിൽ സാമൂഹ വ്യാപന ഭീഷണിയുയർത്തുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർക്ക് കോവിഡ് പോസിറ്റീവായതാണ് ഒടുവിലത്തെ സംഭവം. ചെറുപുഴയിൽ കേസിൽ പ്രതിയായ ആൾ ഒന്നരമാസം ഒളിവിൽ കഴിഞ്ഞശേഷമാണ് കോടതിയിൽ കീഴടങ്ങിയത്. കോടതി റിമാൻഡ് ചെയ്തശേഷം ജയിലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് വ്യക്തമായത്. മജിസ്ട്രേട്ടടക്കം കോടതി ഉദ്യോഗസ്ഥരും പോലീസുകാരും ക്വാറന്റീനിലായതിനുപുറമെ പ്രതി നേരത്തേ ആരെല്ലാമായി ബന്ധപ്പെട്ടിരുന്നുവെന്നതാണ് പ്രശ്നം. കണ്ണപുരത്ത് ക്രിമിനൽ കേസിൽ പ്രതിയായ ആളെ അറസ്റ്റുചെയ്ത പോലീസുകാരും അവരുമായി സമ്പർക്കത്തിലുള്ളവരുമെല്ലാം നിരീക്ഷണത്തിലായി. പോലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ വേറെ പോലീസുകാരെ അവിടേക്ക് സ്ഥലം മാറ്റേണ്ടിവന്നു. 26 പോലീസുകാരണ് അവിടെ മാത്രം നിരീക്ഷണത്തിലായത്. ജയിലിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകളും ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായതും അന്വേഷിക്കാൻ പ്രത്യേകം സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. ധർമടത്ത് ഒരുവീട്ടിൽ എട്ടുപേർക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ലാത്തതാണ് ജില്ലാ ഭരണകൂടത്തെ ആശങ്കയിലാക്കിയത്. വീട്ടമ്മയ്ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇവർ തിങ്കളാഴ്ച മരിച്ചു.രോഗബാധിത മേഖലയിലെവിടെയും പോയിട്ടാല്ലാത്ത സ്ത്രീക്ക് രോഗബാധയുണ്ടായത് ഉറവിടമേതെന്നറിയൽ പ്രയാസമാക്കി. രണ്ടുദിവസം കഴിഞ്ഞാണ് അവരുടെ ഭർത്താവിന് രോഗം കണ്ടെത്തിയത്. ഭർത്താവ് തലശ്ശേരിയിൽ മീൻവ്യാപാരിയാണ്. ഇദ്ദേഹത്തിൽനിന്നാവും ഭാര്യക്ക് പകർന്നതെന്നാണിപ്പോഴത്തെ നിഗമനം. ഇതേവീട്ടിലെ മൂന്നുപേർക്ക് ഞായറാഴ്ചയും മൂന്നുപേർക്ക് തിങ്കളാഴ്ചയും രോഗം കണ്ടെത്തി. അയ്യൻകുന്ന് പഞ്ചായത്തിലെ ആദിവാസി യുവതി പ്രസവത്തിനായി ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായതാണ് ഉറവിടം സംശയമുള്ള മറ്റൊരു സംഭവം. ജില്ലാ ആശുപത്രിയിൽ ഒരാഴ്ചയിലേറെയുണ്ടായിരുന്ന യുവതിയെ പിന്നീടാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അവിടെവെച്ചാണ് രോഗം കണ്ടെത്തിയത്. എവിടെനിന്ന് പകർന്നെന്ന് വ്യക്തതയില്ല. ഇരു ആശുപത്രിയിലെയും ഏതാനും ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ക്വാറന്റീനിൽ പോകേണ്ടതായി വന്നത് കോവിഡ് പ്രതിരോധപ്രവർത്തനത്തിന് ക്ഷീണമായി. എന്നാൽ രണ്ടാമത് സ്രവ പരിശോധനയിൽ യുവതിക്ക് കോവിഡ് നെഗറ്റീവാണ്. ആദ്യത്തെ പോസിറ്റീവ് പരിശോധനയിലെ പ്രശ്നമാണോ എന്നറിയാൻ വീണ്ടും സ്രവം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3c0594g
via
IFTTT