Breaking

Wednesday, May 27, 2020

കാടുംമേടും താണ്ടി ശ്രീദേവിയെത്തി; പരീക്ഷയെഴുതാൻ

അതിരപ്പിള്ളി: കാടുംമേടുംകടന്ന് 150 കിലോമീറ്റർ താണ്ടി ശ്രീദേവിയെത്തി, പത്താംക്ലാസ് പരീക്ഷയെഴുതാൻ. ഏഴുകിലോമീറ്റർ കാട്ടിലൂടെനടന്നും ബൈക്കിലും ആംബുലൻസിലുമായിരുന്നു യാത്ര. ഒരുപക്ഷേ, എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ ഏറ്റവും അധ്വാനിച്ച വിദ്യാർഥി. ‌‌‌ആദിവാസി ഊരിൽനിന്ന് നായരങ്ങാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെത്തിയപ്പോൾ അരമണിക്കൂർ വൈകി. ശ്രീദേവിെയ അധികൃതർ കാത്തിരുന്നു. മലക്കപ്പാറയിൽനിന്ന് ഏകദേശം 70 കിലോമീറ്ററകലെ തമിഴ്‌നാട് വാൽപ്പാറ-പൊള്ളാച്ചി വഴിയിൽ വനമധ്യത്തിലുള്ള കാടമ്പാറ ആദിവാസി ഊരിൽ അച്ഛൻ ചെല്ലമുത്തുവിന്റെ വീട്ടിൽനിന്നാണ് ശ്രീദേവിയെത്തിയത്. ശനിയാഴ്ച ചാലക്കുടി പട്ടികവർഗക്ഷേമ ഓഫീസറും സംഘവും മലക്കപ്പാറ മേഖലയിലെ ആദിവാസി കോളനികളിലെത്തി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ എഴുതുന്ന കുട്ടികളെ പ്രത്യേക വാഹനങ്ങളിൽ ഹോസ്റ്റലുകളിൽ എത്തിച്ചിരുന്നു. അമ്മ കനകമ്മയുടെ വീടായ അടിച്ചിൽത്തൊട്ടി ഊരിലായിരുന്നു ആ സമയത്ത് ശ്രീദേവി. കുട്ടിയെ കാണാത്തതിനാൽ ബന്ധുക്കളോട് പരീക്ഷ തുടങ്ങുന്ന വിവരം അറിയിക്കാൻ ആവശ്യപ്പെട്ടു. പൊള്ളാച്ചി കരിമുട്ടി മലയിൽ റോഡിൽനിന്ന് ഏഴുകിലോമീറ്റർ അകലെ വനമധ്യത്തിലുള്ള വൈദ്യുതിപോലുമില്ലാത്ത ആദിവാസി ഊരിൽ മൊബൈൽഫോണിന് റെയ്ഞ്ചില്ല. അതിനാൽ വിവരം അറിയിക്കാനായില്ല. തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ പി.എം. പ്രഭുവിനെ ഈ പ്രദേശത്ത് പരിചയമുള്ള ഒരാൾ കുട്ടി അവിടെയുണ്ടെന്നറിയിച്ചു. ചിന്നാറിലെ ഇക്കോടൂറിസം മാനേജരായ ധനുഷ്‌കോടിയുമായി ബന്ധപ്പെട്ട് ഒരു വാച്ചറെ ഊരിലേക്ക് അയച്ചു. ഞായാഴ്ച വാച്ചർ ഊരിലെത്തി ഇവരുടെ വീട്ടിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞതോടെ നാലുകിലോമീറ്റർ കാട്ടിലൂടെ അനിയനെയുംകൂട്ടി ഫോണിന് റെയ്ഞ്ചുള്ള സ്ഥലത്ത് എത്തി ശ്രീദേവി സ്കൂളിലെ ടീച്ചറെ വിളിച്ചു. പിന്നീട്, തേനെടുക്കാൻ കാട്ടിലുണ്ടായിരുന്ന അച്ഛനെ കണ്ടെത്തി വീട്ടിലെത്തിയത് തിങ്കളാഴ്ച രാത്രിയായിരുന്നു. ചൊവ്വാഴ്ച അതിരാവിലെ ഊരിൽനിന്ന് നടന്നാണ് യാത്ര തുടങ്ങിയത്. പിന്നീട് റോഡിൽനിന്ന് മലക്കപ്പാറവരെ ബന്ധുവിന്റെ ബൈക്കിലും പിന്നീട് വെറ്റിലപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആംബുലൻസിലും യാത്ര തുടങ്ങി. മൊബൈൽഫോൺ റെയ്ഞ്ചിലെത്തിയപ്പോൾ കുട്ടി പരീക്ഷയ്ക്കെത്തുന്ന വിവരം പട്ടികവർഗക്ഷേമവകുപ്പ് അധികൃതരെ അറിയിച്ചു. ഇവർ ആരോഗ്യവകുപ്പ് അധികൃതരെയും സ്കൂൾഅധികൃതരെയും വിവരമറിയിച്ചു. മലക്കപ്പാറ ചെക്‌പോസ്റ്റിലെ ആരോഗ്യവകുപ്പ് അധികൃതർ ഇക്കാര്യം ഡി.എം.ഒ. അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെ കുട്ടിയെ മലക്കപ്പാറയിലുള്ള ആംബുലൻസിൽ സ്കൂളിലെത്തിക്കാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മലക്കപ്പാറയിൽനിന്ന് രണ്ടരയോടെ സ്കൂളിലെത്തി. കുട്ടിയെ ഒരു ക്ലാസിൽ ഒറ്റയ്ക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. പരീക്ഷയ്ക്കുശേഷം കുട്ടിയെ ഒറ്റയ്ക്ക് ഒരുമുറിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2M1Gt0x
via IFTTT