തന്നെ മലയാള കഥയുടെ കുലപതിയെന്ന് ആദ്യമായി വിശേഷിപ്പിച്ചത് എം.പി. വീരേന്ദ്രകുമാറാണെന്ന് കഥാകൃത്ത് ടി.പത്മനാഭൻ അനുസ്മരിച്ചു. ഭാര്യ രോഗബാധിതയായപ്പോൾ താൻ പോലും ആവശ്യപ്പെടാതെ തൃശൂരിൽ നിന്ന് കണ്ണൂരിലെത്തിച്ച ഒരു അനുഭവവും പത്മനാഭൻ ഓർത്തെടുത്തു. പത്മനാഭന്റെ അനുസ്മരണം: വീരേന്ദ്രകുമാറിന്റെ നിര്യാണം എന്നെ സംബന്ധിച്ചിടത്തോളം ഒരു തീരാനഷ്ടമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് ധാരാളം ഓർമകളുണ്ട്. അതിൽ പലതും തികച്ചും വ്യക്തിപരമാണ്. ഇതുവരെ പുറത്ത് പറയാത്ത വ്യക്തിപരമായ ഒരു അനുഭവം ആദ്യമായി ഇവിടെ ഓർത്തെടുക്കുകയാണ്. എന്റെ എഴുത്തിന്റെ അമ്പതാം വാർഷികം തൃശൂരിൽ സംഘടിപ്പിച്ചിരുന്നു. പീച്ചി ഗസ്റ്റ് ഹൗസിലായിരുന്നു ഗംഭീരമായ ചടങ്ങ്. അങ്കണം ഷംസുദ്ദീനായിരുന്നു സംഘാടകൻ. മൂന്ന് ദിവസത്തെ പരിപാടികൾക്ക് മുന്നോടിയായി ഒരു ദിവസം തൃശൂർ ഗസ്റ്റ് ഹൗസിൽ ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. ഞാൻ തൃശൂരിലേയ്ക്ക് പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ, ഏത് ഹോട്ടലിലാണ് താമസിക്കുക എന്നു പറഞ്ഞിരുന്നില്ല. ഒന്നാമത്തെ ദിവസത്തെ ഉദ്ഘാടനം എം.എ.ബേബിയായിരുന്നു നിർവഹിച്ചിരുന്നത്. ഏത് ഹോട്ടലിലാണ് താമസം എന്ന് എനിക്കറിയുമായിരുന്നില്ല. ഷംസുദ്ദീൻ ഏർപ്പാടാക്കിയ ഹോട്ടലിലായിരുന്നു താമസം. രാത്രി മാതൃഭൂമിയുടെ തൃശൂർ ഓഫീസിലെ ഒരു മാനേജർ ഞാൻ താമസിക്കുന്ന ഹോട്ടലിൽ വന്നു. വീരേന്ദ്രകുമാർ സാർ വിളിച്ച് എനിക്ക് അന്ന് രാത്രി തന്നെ കണ്ണൂരിലേയ്ക്ക് പോകാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് നിർദേശിച്ച കാര്യം പറഞ്ഞു. അതിനുവേണ്ടി കാറും ഡ്രൈവറുമെല്ലാം തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഏറെ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം മടിച്ചുകൊണ്ട് കാര്യം പറഞ്ഞത്. എന്റെ ഭാര്യയ്ക്ക് ഗുരുതരമായ ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായി. ട്രെയിനിലാണ് പോകുന്നതെങ്കിൽ വൈകീട്ട് മാത്രമേ കണ്ണൂരിൽ എത്താനാവൂ. പക്ഷേ, കാറിലായതിനാൽ ഞാൻ രാത്രി ഒരു മണിക്കു തന്നെ കണ്ണൂരിലെത്തി. നേരെ പോയത് ആശുപത്രിയിൽ. ഭാര്യ അബോധാവസ്ഥയിലായിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു അത്. എനിക്കോ ആ ചടങ്ങിനോ തൃശൂർ മാതൃഭൂമിയുമായി ഒരു ബന്ധവുമില്ല. പോയത് മാതൃഭൂമിയുടെ ഒരു ചടങ്ങിനുമല്ല. എന്നിട്ടും അദ്ദേഹം കേട്ടറിഞ്ഞ് ചെയ്ത ഒരു കാര്യമാണത്. മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. എഴുത്തുകാരൻ എന്ന നിലയിൽ എന്റെ വളർച്ചയ്ക്ക് വളരെയേറെ സഹായകരമായ പ്രവൃത്തികൾ ചെയ്ത വ്യക്തിയാണ് അദ്ദേഹം. മനുഷ്യൻ നന്ദിയുള്ളവനായിരിക്കണം എന്നുള്ളതുകൊണ്ട് ഞാൻ ആ കാര്യങ്ങൾ ഇവിടെ അനുസമരിക്കുകയാണ്. മലയാള കഥയുടെ കുലപതി എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, പലർക്കും അറിയില്ല ഈ പ്രയോഗത്തിന്റെ കർത്താവ് ആരാണെന്ന്. കൽപറ്റയിൽ വച്ച് വർഷങ്ങൾക്ക് മുൻപ് ഒരു യോഗത്തിൽ വച്ച് എന്നെ മലയാള കഥയുടെ കുലപതിയെന്ന് അഭിസംബോധന ചെയ്ത് വീരേന്ദ്രകുമാണ്. പിന്നെ ആളുകൾ സ്ഥിരമായി എഴുതുമ്പോഴും പറയുമ്പോഴും എന്നെ അങ്ങനെ വിശേഷിപ്പിച്ചുതുടങ്ങി. എനിക്ക് ഒരു കഥയ്ക്ക് മൂവായിരം രൂപ പ്രതിഫലം തന്നത് വീരേന്ദ്രകുമാറിന്റെ നിർദേശപ്രകാരമാണ്. ആ മൂവായിരം പിന്നീട് ഇരുപതിനായിരമായതും അദ്ദേഹത്തിന്റെ നിർദേപ്രകാരം തന്നെ. Content Highlights:TPadmanabhan Remembers MPVeerendra Kumar
from mathrubhumi.latestnews.rssfeed https://ift.tt/2AnmruI
via
IFTTT