Breaking

Saturday, May 30, 2020

ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് ഉള്‍പ്പെടെ 154 കോടിയുടെ രണ്ടു പദ്ധതികള്‍ കേന്ദ്രം റദ്ദാക്കി

തിരുവനന്തപുരം: ശിവഗിരി തീർഥാടന സർക്യൂട്ട് ഉൾപ്പെടെ കേരളത്തിൽ നടപ്പാക്കാനിരുന്ന 154 കോടിയുടെ രണ്ട് ടൂറിസം പദ്ധതികൾ കേന്ദ്രസർക്കാർ റദ്ദാക്കി. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന ആരാധനാലയങ്ങളെ ഉൾപ്പെടുത്തിയുള്ള തീർഥാടന സർക്യൂട്ടാണ് റദ്ദാക്കിയ രണ്ടാമത്തെ പദ്ധതി. ഇവ റദ്ദാക്കുന്നതായി സ്വദേശി ദർശൻ ഡിവിഷനാണ് കേരളത്തെ അറിയിച്ചത്. ശിവഗിരി പദ്ധതി 69.47 കോടിയുടേതാണ്. രണ്ടാമത്തേതിന് 85.23 കോടി രൂപ ചെലവു വരും. ടൂറിസം പദ്ധതികൾ ഉപേക്ഷിക്കുന്നതായി സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശനിൽ ഉൾപ്പെടുത്തി, ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ട് പദ്ധതി അനുവദിക്കണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റും വർക്കല എം.എൽ.എ. വി.ജോയിയും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണഗുരു ടൂറിസം സർക്യൂട്ട് നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആദ്യ ഘട്ടത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം നിർവഹിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവകേന്ദ്രങ്ങളുടെ വികസനമായിരുന്നു വിഭാവനം ചെയ്തിരുന്നത്. എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളെ ഉൾപ്പെടുത്തിയുള്ള തീർഥാടന സർക്യൂട്ടും കേന്ദ്ര തീരുമാനത്തോടെ ഇല്ലാതായി. കോവിഡിൽ തകർന്നുനിൽക്കുന്ന സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത പ്രഹരമാണ് കേന്ദ്രസർക്കാരിന്റെ തീരുമാനമെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. Content Highlights:Shivagiri pilgrimage circuit


from mathrubhumi.latestnews.rssfeed https://ift.tt/2ApIb9G
via IFTTT