Breaking

Saturday, May 30, 2020

തക്കസമയത്തെ സൈനിക വിന്യാസം കൂടുതൽ ചൈനീസ് കടന്നുകയറ്റം ഒഴിവാക്കി

ന്യൂഡൽഹി: ഈ മാസം ആദ്യം കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ കടന്നുകയറിയ ചൈനീസ് പട്ടാളം ലക്ഷ്യമിട്ടത് ഇന്ത്യയുടെ കൂടുതൽ ഭൂപ്രദേശങ്ങൾ. തക്കസമയത്ത് ഇന്ത്യ ഇവിടെ കൂടുതൽ സൈന്യത്തെ വിന്യസിച്ചതുകൊണ്ട് ചൈനയുടെ നീക്കം നടക്കാതെപോയി. ചൈനീസ് പട്ടാളം കടന്നുകയറാനിടയുള്ള നിർണായകഭാഗങ്ങൾ സൈന്യം നിലയുറപ്പിച്ചതിനാൽ അവർക്ക് അതിനു കഴിഞ്ഞില്ലെന്ന് സേനാവൃത്തങ്ങൾ പറഞ്ഞു. ഗാൽവൻ താഴ്വരയിലെ ഇന്ത്യയുടെ റോഡുപണിയെ എതിർത്താണ് ചൈനീസ് പട്ടാളം കടന്നുകയറിയത്. മുമ്പ് ഇന്ത്യ-ചൈനാ യഥാർഥ നിയന്ത്രണരേഖയ്ക്കപ്പുറത്ത് ചൈന റോഡുകളുണ്ടാക്കുന്നതിനെ ഇന്ത്യ എതിർത്തിരുന്നു. ഗാൽവനിൽ പണിനടക്കുന്നിടത്ത് രണ്ടു കമ്പനി സൈന്യത്തെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ഗാൽവൻ താഴ്വരയുൾപ്പെട്ട ദൗലത് ബേഗ് ഓൾഡി പ്രദേശത്ത് ഇന്ത്യ രണ്ടുമൂന്നുവർഷമായി റോഡുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നത് ചൈനയെ ഭയപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യ പണിനടത്തുന്നിടത്ത് ചൈന ഹെലിക്കോപ്റ്ററിൽ നിരീക്ഷണം നടത്താറുണ്ടെന്നും അവർ പറഞ്ഞു. 5000 പട്ടാളക്കാരെയാണ് യഥാർഥ നിയന്ത്രണരേഖയിൽ ചൈന വിന്യസിച്ചിരിക്കുന്നത്. കിഴക്കൻ ലഡാക്കിലെ ഇന്ത്യയുടെ ഭാഗത്തും ചൈനീസ് പട്ടാളമുണ്ട്. ഇന്ത്യയും സൈനികശക്തി കൂട്ടിയിരിക്കുകയാണ്. 1967-ലെ യുദ്ധത്തിനുശേഷം ഒരു വെടിവെപ്പുപോലുമുണ്ടാകാത്ത പ്രദേശമാണിത്. അതിർത്തിയിൽ ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യ സമാധാനത്തിലാണു വിശ്വസിക്കുന്നത്. എന്നാൽ, സ്വന്തം അതിർത്തിയുടെ പ്രതിരോധത്തിന്റെ കാര്യംവരുമ്പോൾ ദൃഢവും ധീരവുമായ നിലപാടാണ് എടുക്കുകയെന്നും അവർ പറഞ്ഞു. ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണം -പ്രതിരോധവിദഗ്ധർ ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷം ഇന്ത്യ ഉഭയകക്ഷിമാർഗത്തിലൂടെ പരിഹരിക്കണമെന്ന് വിദേശകാര്യ, പ്രതിരോധ വിദഗ്ധർ പറഞ്ഞു. പ്രശ്നത്തിൽ മധ്യസ്ഥതയ്ക്കു തയ്യാറാണെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം സൗമ്യമായി നിരാകരിച്ച് ചൈനയുമായി നേരിട്ടു ചർച്ചചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് വിദേശകാര്യവിദഗ്ധൻ അനിൽ വാധ്വ പറഞ്ഞു. അതിർത്തിപ്രശ്നം പരിഹരിക്കാൻ സൈനിക, നയതന്ത്രതലത്തിൽ ഇന്ത്യയും ചൈനയും സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ നാലിനുശേഷം ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടില്ലെന്നും മധ്യസ്ഥതാവാഗ്ദാനം കളവാണെന്നും പ്രതിരോധവിദഗ്ധൻ എസ്.പി. സിൻഹ പറഞ്ഞു. മൂന്നാംകക്ഷിയുടെ പിന്തുണ സ്വീകരിക്കാതെ ചൈനയുമായി നേരിട്ടു ചർച്ച ചെയ്ത് സമാധാനപൂർണമായ പരിഹാരമുണ്ടാക്കുകയാണുവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നടക്കുന്നതെന്താണെന്ന് സർക്കാർ തുറന്നുപറയണം -രാഹുൽ ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷത്തിൽ അതിർത്തിയിൽ എന്താണു നടക്കുന്നതെന്നകാര്യം കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തിലെ സർക്കാരിന്റെ മൗനം വ്യാപകമായ ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Content Highlights:The timely military deployment avoided further Chinese encroachment


from mathrubhumi.latestnews.rssfeed https://ift.tt/2ZRC5tc
via IFTTT