Breaking

Saturday, May 30, 2020

ശ്രമിക് ട്രെയിന്‍ യാത്രക്കാരില്‍ 80 പേര്‍ ഇതുവരെ മരിച്ചതായി ആര്‍പിഎഫ്

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളിൽ യാത്ര ചെയ്തവരിൽ 80 ഓളം പേർ മരിച്ചതായി റെയിൽവെ സുരക്ഷാസേന. മെയ് 9 മുതൽ 29 വരെയുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തി ഹിന്ദുസ്ഥാൻ ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് ഒന്ന് മുതൽ മെയ് 27 വരെ 3,840 ട്രെയിനുകൾ വഴി അഞ്ച് ദശലക്ഷം തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ശ്രമിക് പ്രത്യേക ട്രെയിനുകൾക്ക് സാധിച്ചു. എന്നാൽ യാത്രക്കിടയിലെ തിക്കും തിരക്കും ഭക്ഷണലഭ്യതക്കുറവും അമിതോഷ്ണവും തൊഴിലാളികളുടെ മരണത്തിന് കാരണമായതായി റെയിൽവെ സൂചന നൽകിയിരുന്നു. മരിച്ചവരിൽ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയിൽ തുടരുന്നവരുമാണെന്നും അത്തരത്തിലുള്ളവർ യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും റെയിൽവെ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും ഉടനെ പ്രസിദ്ധീകരിക്കുമെന്നും ആർപിഎഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആരുടെ മരണവും നികത്താനാവാത്ത നഷ്ടമാണെന്നും യാത്രക്കിടെ ആർക്കെങ്കിലും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ട്രെയിൻ നിർത്തി അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം റെയിൽവെ തുടരുന്നുണ്ടെന്നും റെയിൽവെ ബോർഡ് ചെയർമാൻ വി കെ യാദവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഭക്ഷണം ലഭിക്കാത്തതിനാൽ ചില തൊഴിലാളികൾ മരിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ശ്രമിക് ട്രെയിൻ യാത്രയ്ക്കിടെ മരിച്ചവരുടെ കണക്കുകൾ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നും യാദവ് അറിയിച്ചു. മെയ് ഒന്ന് മുതൽ എട്ട് വരെയുള്ള വിവരം ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർത്ത് ഈസ്റ്റേൺ റെയിൽവെ സോണിൽ 18,നോർത്ത് സെൻട്രൽ സോണിൽ 19, ഈസ്റ്റ് കോസ്റ്റ് റെയിൽവെ സോണിൽ 13 തുടങ്ങി മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രമിക് ട്രെയിനുകളുടെ 80 ശതമാനവും ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലേക്കാണ്. മരിച്ചവരിൽ ഹൃദയവാൽവ് മാറ്റി വെച്ചയാളും അമിത രക്തസമ്മർദമുള്ളവരും ഉൾപ്പെടുന്നു. ഗുരുതര രോഗമുള്ളവർ ശ്രമിക് ട്രെയിനുകളിലെ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി പത്ത് വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും യാത്ര ഒഴിവാക്കണമെന്നും ഗോയൽ പറഞ്ഞു. Content Highlights: Railway Protection Force reports 80 deaths on Shramik trains


from mathrubhumi.latestnews.rssfeed https://ift.tt/3dk2KCI
via IFTTT