Breaking

Friday, May 29, 2020

മൃതദേഹങ്ങള്‍ 'പറയുന്നു' ഡൽഹിയുടെ ദുരിതചിത്രം

ന്യൂഡൽഹി: ഔദ്യോഗിക രേഖകളിൽ ഇനിയും ഇടംപിടിക്കാത്ത മരണങ്ങൾ, ആശുപത്രികളിലെ മോർച്ചറികളിൽ കെട്ടിക്കിടക്കുന്ന മൃതദേഹങ്ങൾ, കൊണ്ടുവരുന്നവ സംസ്കരിക്കാനാവാതെ ശ്മശാനങ്ങൾ... ഇങ്ങനെ, കണക്കുകളിൽ ചുരുളഴിയുകയാണ് ഡൽഹിയിലെ കോവിഡ് ദുരന്തത്തിന്റെ യഥാർഥ ചിത്രം. കോവിഡ് മരണങ്ങളെക്കുറിച്ചുള്ള സർക്കാർ അവകാശവാദങ്ങൾ പൊള്ളയാണെന്നു തെളിയിക്കുകയാണ് താഴെത്തട്ടിലെ വസ്തുതകൾ. ഡൽഹി സർക്കാർ ബുധനാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് കോവിഡ് ബാധിച്ചു മരിച്ചത് 318 പേർ. എന്നാൽ, തലസ്ഥാനത്തെ കോവിഡ് ആശുപത്രികളിലൊന്നായ സഫ്ദർജങ്ങിലെ 53 മരണങ്ങൾ ഔദ്യോഗിക രേഖയിലില്ലെന്നാണു വെളിപ്പെടുത്തൽ. ഫെബ്രുവരി ഒന്നുമുതൽ ഈ മാസം 16 വരെയുള്ള ദിവസങ്ങളിൽ 53 പേർ മരിച്ചതായി മെഡിക്കൽ സൂപ്രണ്ട് ഡോ. ബൽവീന്ദർ സിങ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഈ വിവരങ്ങൾ ഇനിയും സർക്കാർക്കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യവൃത്തങ്ങളും വ്യക്തമാക്കി. ഡൽഹി സർക്കാർ പുറത്തുവിടുന്ന കണക്കുകളിൽ ഗുരുതരമായ വൈരുധ്യമുണ്ടെന്നു തെളിയിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ. മറ്റൊരു കോവിഡ് ആശുപത്രിയായ എൽ.എൻ.ജെ.പി.യിലെ മോർച്ചറി നിറഞ്ഞുകിടക്കുകയാണ്. ഇവിടെ 80 മൃതദേഹങ്ങൾ റാക്കുകളിലും 28 എണ്ണം നിലത്തും സൂക്ഷിച്ചിരിക്കുന്നതായി വാർത്തകൾ പുറത്തുവന്നു. സെൻട്രൽ ഡൽഹി നിഗംബോധ് ഘാട്ട് ശ്മശാനത്തിലെ ആറു ഫർണസുകളിൽ രണ്ടെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നതിനാൽ കഴിഞ്ഞ ദിവസം മൃതദേഹങ്ങൾ സംസ്കരിക്കാനാവാതെ മടക്കി. നിഗംബോധ് ഘാട്ടിൽ ഇതുവരെ 244 മൃതദേഹങ്ങൾ എത്തിയെന്നാണ് ശ്മശാനം നടത്തിപ്പുകാരുടെ വെളിപ്പെടുത്തൽ. സെൻട്രൽ ഡൽഹിയിലെ തന്നെ ഐ.ടി.ഒ.യിലുള്ള മുസ്ലിം കബർസ്ഥാനിൽ 140-ലേറെ മൃതദേഹങ്ങൾ അടക്കിയതായി ശ്മശാനം നടത്തിപ്പുകാരനായ ഷമീം പറഞ്ഞു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൂന്നോ നാലോ മൃതദേഹങ്ങളെങ്കിലും ദിവസവും എത്താറുണ്ടെന്നും ഇയാൾ വ്യക്തമാക്കി. ഈ വെളിപ്പെടുത്തലും ഡൽഹി സർക്കാർ പുറത്തുവിട്ട മരണസംഖ്യയുമായി പൊരുത്തപ്പെടുന്നതല്ല. മംഗോൾപുരി, മദൻപുർ ഖാദർ, ശാസ്ത്രിപാർക്ക് എന്നിവിടങ്ങളിലാണ് തലസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട ശ്മശാനങ്ങൾ. ഈ മാസം 17 വരെയുള്ള കണക്കിൽ കോവിഡ് ബാധിച്ചുമരിച്ച 559 പേരെ സംസ്കരിച്ചിട്ടുണ്ടെന്നാണ് ഡൽഹിയിലെ മൂന്നു മുനിസിപ്പൽ കോർപ്പറേഷനുകളുടെയും കണക്കുകൾ. കോവിഡ് ബാധിതർ ഓരോ ദിവസവും കൂടുന്ന ഡൽഹിയിൽ ആരോഗ്യസംവിധാനം താളംതെറ്റിയതിന്റെ തെളിവുകൂടിയാണ് സർക്കാർ കണക്കിലെ വൈരുധ്യം. Content Highlights: Covid cases and deaths in Delhi


from mathrubhumi.latestnews.rssfeed https://ift.tt/2XJ8yiR
via IFTTT