Breaking

Thursday, May 28, 2020

ജയയുടെ ആസ്തി 1000 കോടിയിലധികം; വേദനിലയം എന്നും തർക്കഭൂമി

ചെന്നൈ: ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികൾ മരുമക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചെങ്കിലും ജയയുടെ മരണംപോലെ ദുരൂഹമാണ് അവരുടെ വിൽപ്പത്രവും. ആയിരം കോടി രൂപയിലധികം മതിപ്പുവിലയുള്ള സ്വത്തുക്കൾ ജയലളിതയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവ കൈക്കലാക്കാൻ മകനും മകളും എന്നുവരെപ്പറഞ്ഞ് ധാരാളം അവകാശികൾ എത്തിയിരുന്നു. ജയലളിതയുടെ സമ്പത്തിൽ കോടികൾ വിലമതിപ്പുള്ള എസ്റ്റേറ്റുകളും ബംഗ്ലാവുകളും ആഭരണങ്ങളുമുണ്ട്. ഇതിൽ തർക്കഭൂമിയായത് ജയലളിത താമസിച്ചിരുന്ന വേദനിലയംമാത്രമാണ്. ജയലളിതയുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കും സാക്ഷ്യംവഹിച്ചു വേദനിലയം. 1972 മേയ് പതിനഞ്ചിനാണ് അമ്മയുടെപേരിൽ വാങ്ങിയ വേദനിലയത്തിന്റെ ഗൃഹപ്രവേശം ജയലളിത നടത്തിയത്. ഇവിടെ താമസിച്ചാണ് ജയ തമിഴ്‌നാടിന്റെ ഭരണയന്ത്രം കറക്കിയത്. ഒട്ടേറെ പകപോക്കലുകൾക്കും വേദനിലയം വേദിയായി. കരുണാനിധി അധികാരമേറ്റപ്പോൾ വേദനിലയം അരിച്ചുപെറുക്കി. നൂറുകണക്കിന് ചെരിപ്പുകളും വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം പിടിച്ചെടുത്തിരുന്നു. അഞ്ചുവർഷത്തിനിടയിൽ ജയലളിത വീണ്ടും അധികാരത്തിലെത്തിയപ്പോൾ 2001 ജൂൺ 30-ന് കരുണാനിധിയെ വീട്ടിൽനിന്ന് വലിച്ചിറക്കി ജയിലിലടച്ച് പ്രതികാരംതീർത്തു. നേരത്തേ ഹൈക്കോടതി ശാസിച്ചിട്ടും വേദനിലയം സ്മാരകമാക്കണമെന്ന് സർക്കാർ കടുംപിടിത്തംപിടിക്കുകയായിരുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്മാരകം ഒരുക്കുന്നതിനെ കോടതി ചോദ്യംചെയ്തിരുന്നതുമാണ്. എന്നിട്ടും സർക്കാർ തീരുമാനം മാറ്റിയില്ല. ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല വേദനിലയത്തിൽ കയറിക്കൂടരുതെന്ന ആഗ്രഹമൊന്നുകൊണ്ടുമാത്രമാണ് സർക്കാർ ഇത് സ്മാരകമാക്കാൻ അന്ന് തീരുമാനിച്ചത്. ജയലളിതയുടെ മരണശേഷവും വേദനിലയത്തിൽ താമസിച്ചിരുന്നത് ശശികലയായിരുന്നു.വേദനിലയംകൂടാതെ ജയലളിതയ്ക്ക് പലയിടങ്ങളിൽ സ്വത്തുണ്ട്. കോത്തഗിരിയിൽ 900 ഏക്കറുള്ള കോടനാട് എസ്റ്റേറ്റിന് 100 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. ചെന്നൈയ്ക്കടുത്ത ഒ.എം.ആർ. സിരുതാവൂരിൽ 67 ഏക്കർ സ്ഥലത്ത് ബംഗ്ലാവുണ്ട്. ആന്ധ്രയിൽ രണ്ട് ഫാംഹൗസുകളുണ്ട്. ചെന്നൈയ്ക്കടുത്ത പയ്യാനൂരിൽ ബംഗ്ലാവുണ്ട്. 1967-ൽ 1.32 ലക്ഷത്തിന് വാങ്ങിയ വേദനിലയത്തിന് നൂറുകോടിക്കടുത്ത് വിലവരുമെന്നാണ് കണക്കാക്കുന്നത്. കർണാടകത്തിലെ കോടതി ലോക്കറിൽ 28 കിലോ സ്വർണം വേറെയുണ്ട്. ഹൈദരാബാദിലും തമിഴ്‌നാട്ടിലുമുള്ള വസ്തുക്കൾക്ക് 1000 കോടിയോളം വിലവരുമെന്നാണ്‌ പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3eoSZDn
via IFTTT