Breaking

Thursday, May 28, 2020

ആത്മഹത്യപ്രേരണ: അർണബിനെതിരായ പരാതിയിൽ പുനരന്വേഷണം

മുംബൈ: സാമ്പത്തികപ്രശ്നങ്ങൾകാരണം ഇന്റീരിയർ ഡിസൈനറും അമ്മയും ആത്മഹത്യചെയ്ത കേസിന്റെ അന്വേഷണം മഹാരാഷ്ട്ര സി.ഐ.ഡി.യെ ഏൽപ്പിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ഉൾപ്പെടെ മൂന്നുപേർക്കെതിരേ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തപ്പെട്ട കേസാണ് പുനരന്വേഷിക്കുന്നത്. മുബൈയിൽ കോൺകോർഡ് ഡിസൈൻസ് എന്ന സ്ഥാപനം നടത്തിയിരുന്ന അൻവയ് നായിക്കും കമ്പനിയുടെ ഡയറക്ടർകൂടിയായ അമ്മ കുമുദ് നായിക്കും 2018 മേയ് മാസത്തിലാണ് ആത്മഹത്യചെയ്തത്. മൂന്നുസ്ഥാപനങ്ങൾചേർന്ന് തനിക്ക് 5.40 കോടി രൂപ നൽകാനുണ്ടെന്നും അതു കിട്ടാത്തതിനെത്തുടർന്നാണ് ജീവനൊടുക്കേണ്ടിവന്നതെന്നും ആത്മഹത്യക്കുറിപ്പിൽ അൻവയ് നായിക്ക് പറഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത അലിബാഗ് പോലീസ് പണം തരാനുള്ളവർക്കെതിരേ അന്വേഷണം നടത്തിയിട്ടില്ലെന്നുകാണിച്ച് അൻവയിന്റെ മകൾ അദ്‌ന്യ നായിക് നൽകിയ പരാതി പരിഗണിച്ചാണ് കേസന്വേഷണം സി.ഐ.ഡി.ക്ക്‌ കൈമാറുന്നതെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു. റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ് എന്ന സ്ഥാപനത്തിന്റെ ഫിറോസ് ശൈഖ്, സ്മാർട്ട് വർക്സ് എന്ന സ്ഥാപനത്തിന്റെ നിതേഷ് സർദ എന്നിവരാണ് തനിക്ക് പണം നൽകാനുള്ളതെന്ന് അൻവയിന്റെ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തിരുന്നെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ലെന്നാണ് പരാതി. എന്നാൽ, ഇതിൽ റിപ്പബ്ലിക് ടി.വി.ക്ക്‌ പങ്കൊന്നുമില്ലെന്നും കമ്പനിക്കെതിരായ അപവാദപ്രചാരണത്തിന് ചിലർ ഈ ദാരുണസംഭവത്തെ ആയുധമാക്കുകയാണെന്നും റിപ്പബ്ലിക് ടി.വി. പ്രസ്താവനയിൽ പറഞ്ഞു. മഹാരാഷ്ട്രയിൽ അർണബ് ഗോസ്വാമിക്കെതിരേ അന്വേഷണം നടക്കുന്ന മൂന്നാമത്തെ കേസാണിത്. പാൽഘറിൽ ആൾക്കൂട്ടാക്രമണത്തിൽ രണ്ടുസന്ന്യാസിമാരും ഡ്രൈവറും കൊല്ലപ്പെട്ട സംഭവവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ബന്ധപ്പെടുത്തി വാർത്ത നൽകിയതിനും ബാന്ദ്രയിൽ കഴിഞ്ഞമാസം മറുനാടൻ തൊഴിലാളികൾ തടിച്ചുകൂടിയ സംഭവത്തെക്കുറിച്ച് മതവിദ്വേഷം പരത്തുന്ന രീതിയിൽ ചർച്ചാപരിപാടി നടത്തിയതിനും എതിരേയുള്ള പരാതികളിൽ മുംബൈ പോലീസ് അർണബിനെതിരേ കേസെടുത്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3d7Ae7u
via IFTTT