Breaking

Tuesday, May 26, 2020

സുരക്ഷയില്‍ ആശങ്ക; കോവിഡിന്‌ ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകുന്നത് ഡബ്ല്യു.എച്ച്.ഒ നിർത്തിവെച്ചു

ജനീവ: കോവിഡ് ചികിത്സക്കായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കൽ പരീക്ഷണം ഡബ്ല്യു.എച്ച്.ഒ താത്കാലികമായി റദ്ദാക്കി. സുരക്ഷാ ആശങ്കയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയത്. കോവിഡ് രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നൽകുന്നത് മരിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച മെഡിക്കൽ ജേണലായ ലാൻസെറ്റിൽ വന്ന പഠന റിപ്പോർട്ടിന് പിന്നാലെയാണ് തീരുമാനമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു. കൊറോണ വൈറസിന് സാധ്യമായ ചികിത്സകൾ പരീക്ഷിക്കുന്നതിന് നിരവധി രാജ്യങ്ങളിലെ നൂറുകണക്കിന് ആശുപത്രികളെ ചേർത്തിട്ടുള്ള സോളിഡാരിറ്റി ട്രയൽ എന്നുവിളിക്കുന്ന എക്സിക്യുട്ടിവ് ഗ്രൂപ്പുണ്ട്. മുൻകരുതൽ എന്ന നിലയിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ് ടെഡ്രോസ് പറഞ്ഞു. ഇതിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ബോർഡ് അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈഡ്രോക്സിക്ലോറോക്വിൻ താൻ ഒരാഴ്ച തുടർച്ചയായി കഴിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോവിഡ് ചികിത്സക്ക് അദ്ദേഹം ഈ മരുന്ന് നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ബ്രസീൽ ആരോഗ്യ മന്ത്രിയും ഈ മരുന്ന് ശുപാർശ ചെയ്യുകയുണ്ടായി. ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നത് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് ലാൻസെറ്റ് പഠനം കണ്ടെത്തിയത്. പ്രത്യേകിച്ച് ഹൃദയത്തെ കുഴപ്പത്തിലാക്കുമെന്നും പഠനം പറയുന്നു. നൂറുകണക്കിന് ആശുപത്രികളിൽ നിന്നായി 96,000 രോഗികളുടെ റിപ്പോർട്ടുകൾ പരിശോധിച്ചുള്ള പഠനത്തിൽ ഈ മരുന്ന് രോഗികൾക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തിട്ടില്ലെന്നും ലാൻസെറ്റ് പറയുന്നു. Content Highlights:WHO Stops Trial Of Anti-Malarial Drug For COVID-19 Over Safety Concerns


from mathrubhumi.latestnews.rssfeed https://ift.tt/3emzyvg
via IFTTT