വാഷിങ്ടൺ: കോവിഡ്-19 വ്യാപിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂർണമായും നിർത്തിവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യപ്പെട്ട പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. അതിനാൽ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്നും തീരുമാനത്തേപ്പറ്റി വിശദീകരിക്കവേ ട്രംപ് പറഞ്ഞു. അമേരിക്ക പ്രതിവർഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്. എന്നാൽ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവർ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. അമേരിക്ക നൽകിയിരുന്ന ധനസഹായം ഇനി മറ്റ് ആഗോള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് പറയുന്നത്. 30 ദിവസത്തിനകം പ്രവർത്തന രീതി മെച്ചപ്പെടുത്തിയില്ലെങ്കിൽ സംഘടനയിൽ തുടരുന്നകാര്യം അമേരിക്ക പുനരാലോചിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അമേരിക്ക ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം പൂർണമായും റദ്ദാക്കിയത്. കോവിഡ് വ്യാപനം തടയുന്നതിൽ വീഴ്ച വരുത്തി ചൈനയുടെ കളിപ്പാവയായി മാറി എന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിൽ ലോകാരോഗ്യ സംഘടനയ്ക്ക് നൽകി വന്നിരുന്ന ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു. Content Highlights: Donald Trump says US terminating relationship with WHO
from mathrubhumi.latestnews.rssfeed https://ift.tt/2TRvDOS
via
IFTTT