Breaking

Sunday, May 31, 2020

അതിര്‍ത്തി കടന്നിരുന്നെങ്കില്‍ പ്രതിഷേധക്കാരെ ആയുധങ്ങളും നായ്ക്കളേയും കൊണ്ട് നേരിട്ടേനെ,ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ ജോർജ് ഫ്ളോയിഡ് എന്ന കറുത്ത വർഗക്കാരൻ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നു. എന്നാൽ പ്രതിഷേധക്കാർ വൈറ്റ് ഹൗസ് അതിർത്തികടന്നിരുന്നെങ്കിൽ അവരെ ക്രൂരന്മാരായ നായ്ക്കളേയും അപകടകരമായ ആയുധങ്ങളും കൊണ്ട് നേരിടുമായിരുന്നെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. യുഎസ്സിലെ മിനിയാപോളിസിൽ ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലിചെയ്തിരുന്ന ജോർജ് ഫ്ളോയിഡ് എന്ന കറുത്തവർഗക്കാരൻ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥൻ ജോർജ് ഫ്ളോയിഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നു, വെള്ളം വേണമെന്ന് ജോർജ് ഫ്ളോയിഡ് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തം. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മിനിയപൊളിസ് തെരുവുകൾ കലാപസമാനമായി. പ്രതിഷേധക്കാർ ഒന്നടങ്കം തെരുവിലിറങ്ങി. കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്തു, കെട്ടിടങ്ങൾക്ക് തീയിട്ടു. അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം പടർന്നു. വൈറ്റ് ഹൈസ് സ്ഥിതി ചെയ്യുന്ന ലാഫയെറ്റെ സ്ക്വയറിലും പ്രതിഷേധക്കാർ സംഘടിച്ചു, മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെത്തുടർന്ന് വൈറ്റ് ഹൗസ് താൽക്കാലികമായി ലോക്ക് ഡൗൺ ചെയ്തു. ഇതിനെക്കുറിച്ചാണ് ട്രംപ് പ്രതികരിച്ചത്. വലിയ പ്രതിഷേധക്കൂട്ടമായിരുന്നു വൈറ്റ് ഹൗസിന് പുറത്ത്, അവർ സംഘടിച്ചു. എന്നാൽ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിർത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവരെ നീചന്മാരായ നായ്ക്കളേയും അപകടകരമായ ആയുധങ്ങളും കൊണ്ട് നേരിട്ടേനെ, നിരവധി രഹസ്യ സർവീസ് ഏജന്റുകൾ കർമ്മനിരതരായി കാത്തിരിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസിനെ അയക്കാത്തത് വാഷിങ്ടൺ മേയറുടെ കഴിവുകേടാണെന്നും ട്രംപ് ആരോപിച്ചു. Content Highlights:Trump On US Protesters over Death of George Floyd


from mathrubhumi.latestnews.rssfeed https://ift.tt/2XFjsGc
via IFTTT