Breaking

Friday, May 29, 2020

വയനാടിന്റെ വീരേന്ദ്രകുമാര്‍

കല്പറ്റ: വയനാട്ടിൽനിന്ന് ലോകമാകെ സഞ്ചരിക്കുകയും എത്തിപ്പെട്ടിടത്തെല്ലാം വയനാടിന്റെ പെരുമകളെ അടയാളപ്പെടുത്തുകയും ചെയ്ത വിശ്വപൗരനാണ് വയനാടിന് എം.പി. വീരേന്ദ്രകുമാർ. എഴുത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭൂമികയിൽ ഈ നാടിന് വീരേന്ദ്രകുമാറിനോളം പോന്ന പ്രതിഭകൾ വേറെയില്ല. എല്ലാ അർഥത്തിലും അതുകൊണ്ടുതന്നെ വീരേന്ദ്രകുമാർ എക്കാലവും വയനാടിന്റെ കൊടിയടയാളവും സ്വകാര്യമായ അഹങ്കാരവുമായി എന്നും നിലനിന്നു. ബാല്യം മുതൽ വയനാട് പകർന്നുതന്ന അറിവുകളും പിതാവ് പത്മപ്രഭാഗൗഡരിൽ നിന്ന് ആർജിച്ച രാഷ്ട്രീയബോധവുമാണ് തന്നെ രൂപപ്പെടുത്തിയതെന്നും വളർത്തിയതെന്നും വീരേന്ദ്രകുമാർ എപ്പോഴുമോർക്കുകയും പറയുകയും ചെയ്തു. പത്മപ്രഭയുടെയും സഹോദരൻ എം.കെ. ജിനചന്ദ്രന്റെയും സാംസ്കാരിക, രാഷ്ട്രീയ ധാരകളുടെ സമന്വയവും തുടർച്ചയുമായിരുന്നു വീരേന്ദ്രകുമാർ എന്ന പ്രതിഭ. അവസാനകാലത്തുൾപ്പെടെ എല്ലാ വേദികളിലും അദ്ദേഹം തന്നെ അത് പലയാവർത്തി പറഞ്ഞുവെക്കുകയും ചെയ്തു. പത്മപ്രഭയാണ് തന്നെ എഴുത്തിലേക്കും വായനയിലേക്കും നയിച്ചതെന്നും ജിനചന്ദ്രനിൽ നിന്ന് ഊർജമുൾക്കൊണ്ടാണ് താനൊരു സഞ്ചാരിയായതെന്നും പലപ്പോഴും അദ്ദേഹം പറഞ്ഞു. ആവശ്യത്തിലേറെ സ്വത്തുണ്ടായിട്ടും സോഷ്യലിസത്തിന്റെ പാതയുൾക്കൊണ്ട, വീരേന്ദ്രകുമാറിന്റെ പിതാവ് എം.കെ. പത്മപ്രഭാഗൗഡർ വയനാടിന് ഏറ്റവും പ്രിയപ്പെട്ട പൂർവസൂരികളിലൊരാളാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാല നേതാക്കളിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്നു ജിനചന്ദ്രൻ. ആധുനിക വയനാടിന്റെ ഈ ശില്പികളുടെ മൂല്യബോധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിൻഗാമിയായ വീരേന്ദ്രകുമാർ അടിയുറച്ച നിലപാടുകളിലൂടെ ഈ നാടിന്റെ വിശ്വപൗരനായി വളർന്നു. നാടിന്റെ പച്ചമണ്ണിനെയും നാട്ടുമനുഷ്യരെയും തൊട്ടറിഞ്ഞ, അവർക്കൊപ്പം ജീവിച്ച് അവരെ നയിച്ചയാളായിരുന്നു വയനാടിന് എം.പി. വീരേന്ദ്രകുമാർ. വയനാടിന്റെ വർത്തമാനവും ഭാവിയും നിശ്ചയിച്ച ധിഷണാശാലി. കേന്ദ്രമന്ത്രിയോളം വലുതായപ്പോഴും അധികാരങ്ങളിൽനിന്നും വഴിമാറിനടന്നപ്പോഴും ഈ നാടിന്റെ സ്പന്ദനങ്ങൾക്കൊപ്പം എം.പി. വീരേന്ദ്രകുമാർ എപ്പോഴുമുണ്ടായിരുന്നു. ഗ്രാമീണ റോഡുകൾ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളുടെയും നിർമാണത്തിൽ, കർഷകരുടെ, കുടിയേറ്റക്കാരുടെ ആദിവാസി വിഷയങ്ങളിൽ നിരന്തരം ഇടപെട്ട് ആധുനിക വയനാടിന്റെ താത്പര്യങ്ങൾക്കൊപ്പം എക്കാലത്തും അദ്ദേഹം നിലകൊണ്ടു. 1980-ൽ വയനാട് ജില്ലാ രൂവപത്കരണത്തിന് മുഖ്യപങ്ക് വഹിച്ചു. ജില്ലാ ആസ്ഥാനത്തിന് വേണ്ടി വിട്ടുകൊടുത്തത് ഇദ്ദേഹം ഭാരവാഹിയായ അനന്തകൃഷ്ണപുരം ജെയിൻ ബോർഡിങ് ട്രസ്റ്റിന്റെ കൃഷ്ണഗൗഡർ ഹാളാണ്. പത്തുവർഷത്തോളം ഇവിടെയാണ് ആസ്ഥാനം പ്രവർത്തിച്ചത്. മനസ്സിലെന്നും വയനാട് സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായ 1936 ജൂലായ് 22-ന് കല്പറ്റയിൽ തന്നെയായിരുന്നു ജനനം. അച്ഛന്റെ പാത തുടർന്ന് ചെറുപ്പം മുതലേ പൊതുകാര്യങ്ങളിൽ ആകൃഷ്ടനായി. രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷം 1987-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുത്തതും കല്പറ്റ തന്നെ. 17,958 വോട്ടിന് സി. മമ്മൂട്ടിയെ തോല്പിച്ച് നിയമസഭയിലെത്തിയത് വനംവകുപ്പ് മന്ത്രിയായി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും അതിനകംതന്നെ വനങ്ങളിലെ മരം മുറിക്കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടുകാരന്റെ കാടിനോടുള്ള കരുതൽ തന്നെയായിരുന്നു അതിന് പിന്നിൽ. ജനപ്രതിനിധിയായി നിന്ന ആ കാലയളവിലാണ് വയനാട്ടിലെ ഗ്രാമീണറോഡുകളും പാലങ്ങളും മിക്കതും യാഥാർഥ്യമായത്. ഉൾനാടുകളിലേക്ക് ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലുകളുണ്ടായി. ഇതോടൊപ്പം തന്നെ കല്പറ്റ ഗവ. കോളേജ്, ഐ.ടി.ഐ., സ്കൂളുകൾ തുടങ്ങി ജില്ലയുടെ വിദ്യാഭ്യാസപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രദ്ധേയമായ ഇടപെടലുകളും ഉണ്ടായി. വയനാട്ടിലെ കാർഷിക, പരിസ്ഥിതി വിഷയങ്ങളിലും നിരന്തരം ഇടപെടലുകൾ നടത്തിക്കൊണ്ടേയിരുന്നു. കാപ്പിക്കർഷകരുടെ പൊതുവായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബെംഗളൂരുവിലെ കോഫി ബോർഡ് ആസ്ഥാനത്ത് കാപ്പി കർഷകരെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ സമരം ദേശീയ ശ്രദ്ധനേടി. അസംഘടിതരായി നിന്ന കാപ്പിക്കർഷകരെ സംഘടിപ്പിക്കുന്നതിലും കൃത്യമായ വ്യവസ്ഥകൾ ഉണ്ടാക്കുന്നതിലും അദ്ദേഹം മുമ്പിൽ നടന്നു. ബാണാസുര സാഗർ ഡാം നിർമാണ കാലത്തും ഇത്തരത്തിൽ ജനകീയ ഇടപെടലുകൾ ഉണ്ടായി. ഡാം നിർമാണത്തിനായി വലിയ തോതിൽ ഭൂമി ഏറ്റെടുത്തപ്പോൾ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളുടെ ഭൂമി കൂടി കെ.എസ്.ഇ.ബി.യിൽ സമർദം ചെലുത്തി ഏറ്റെടുപ്പിക്കാനും അവരെ പുനരധിവസിപ്പിക്കുന്നതിലും കാര്യമായ ഇടപെടലുകൾ നടത്തി. കേന്ദ്രമന്ത്രിയായിരുന്നപ്പോഴും വയനാടിനോടുള്ള പരിഗണനകൾ തുടർന്നു. വയനാടിന്റെ വികസനചർച്ചകളിൽ എല്ലായിപ്പോഴും മാതൃക എം.പി. വീരേന്ദ്രകുമാർ തന്നെയായിരുന്നു. വയനാട്ടിൽ നിന്നുള്ള ആദ്യത്തെ ദേശീയ വ്യക്തിത്വമായി വളരുമ്പോഴും സാധാരണക്കാരന് എല്ലായിപ്പോഴും പ്രാപ്യനായി തുടരാൻ തന്നെ അദ്ദേഹത്തിനായി. പുളിയാർമലയിലെവീട്ടുമുറ്റത്തെത്തുന്ന ആബാലവൃന്ദം ജനത്തിന് ആവലാതികൾ അദ്ദേഹം കേട്ടാൽ മാത്രം മതിയായിരുന്നു. സഞ്ചാരി കൂടിയായിരുന്ന എം.പി. വീരേന്ദ്രകുമാർ ഏതു യാത്രകൾക്കൊടുക്കവും ചുരം കയറിയെത്തിയത് വയനാട് തന്നെ കാത്തിരിക്കുന്നുവെന്ന തിരിച്ചറിവോടുകൂടിത്തന്നെയായിരുന്നു. അവസാനമായി ചുരം കയറുമ്പോഴും വയനാട്ടുകാർ അദ്ദേഹത്തെ കാത്തിരിക്കുക തന്നെയാണ്. യാത്രാമൊഴി ചൊല്ലാൻ. Content Highlight: M.P Veerendrakumar and Wayanad


from mathrubhumi.latestnews.rssfeed https://ift.tt/3cjuCpy
via IFTTT