Breaking

Sunday, May 31, 2020

വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി ജാമ്യം നേടി

കൊച്ചി: സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതി, വിചാരണക്കോടതിയിൽ പോലീസ് കുറ്റപത്രം നൽകിയെന്ന വസ്തുത മറച്ചുവെച്ച് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി. ആലപ്പുഴ തുറവൂരിലെ 17-കാരിയെ പ്രണയം നടിച്ച് വശീകരിച്ച് തമിഴ്നാട്ടിലെ വാൽപ്പാറയിലെത്തിച്ച് ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതി എറണാകുളം കുമ്പളം സഫർമൻസിൽ സഫർഷയ്ക്കാണ് (32) ജാമ്യം ലഭിച്ചത്. പോലീസ് കുറ്റപത്രം സമർപ്പിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ അഭിഭാഷകനും കോടതിയെ അറിയിച്ചത്. തെറ്റുമനസ്സിലായതോടെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. എന്നാൽ, ജാമ്യം നേടിയ പ്രതി അതിനോടകം ജയിലിൽനിന്ന് പുറത്തിറങ്ങി. ജനുവരി എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനുശേഷവും കുറ്റപത്രം നൽകിയില്ലെന്നും അതിനാൽ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ പരിഗണിക്കവേ, കുറ്റപത്രം നൽകിയില്ലെന്ന് സർക്കാർ അഭിഭാഷകനും അറിയിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നകേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തത് അന്വേഷണോദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. കസ്റ്റഡി കാലവധി 90 ദിവസം പിന്നിട്ടതിനാൽ കർശനമായ വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. 90 ദിവസം പൂർത്തിയായത് ഏപ്രിൽ എട്ടിനാണ്. ഏപ്രിൽ ഒന്നിന് അന്വേഷണസംഘം വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമറച്ചുവെച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രോസിക്യൂഷൻ ഒാഫീസിൽനിന്ന് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ കലൂരിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. മോഷ്ടിച്ച കാറിലാണ് പെൺകുട്ടിയെ സഫർഷ കടത്തിക്കൊണ്ട് പോയത്. വാൽപ്പാറയ്ക്കുസമീപം കാർ തടഞ്ഞാണ് സഫർഷായെ പോലീസ് അറസ്റ്റുചെയ്തത്. content highlights: student rape and murder case; convict gets bail


from mathrubhumi.latestnews.rssfeed https://ift.tt/2ZPRCd2
via IFTTT