Breaking

Thursday, May 28, 2020

വിളിച്ചിട്ടും വിളിച്ചിട്ടും അമ്മയുണർന്നില്ല; വേദനയായി രണ്ടുവയസ്സുകാരന്റെ ദൃശ്യം

പട്ന: ബിഹാറിലെ മുസഫർപുർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പലയിടങ്ങളിലേക്കായി തീവണ്ടി കാത്തുനിന്നവരുടെ കണ്ണുകൾ കൊടുംചൂടിലും ആ കാഴ്ചകണ്ട് നിറഞ്ഞൊഴുകി. പൊള്ളുന്നതറയിൽ പുതപ്പിനടിയിൽ ചലനമറ്റുകിടക്കുന്ന അമ്മയെ ഉണർത്താൻശ്രമിക്കുന്ന രണ്ടുവയസ്സുകാരൻ. കൊടുംചൂടിൽ തളർന്നുവീണ് നിമിഷങ്ങൾക്കുമുമ്പേ അവർ അന്ത്യശ്വാസം വലിച്ചിരുന്നു. അമ്മ ഉറങ്ങുകയാണെന്നുകരുതി പുതപ്പിനടിയിലേക്ക് നൂണ്ടുകയറി ഒളിച്ചുകളിക്കാൻ ശ്രമിക്കുകയാണ് കുഞ്ഞ്. അതിനിടെ അവനെ വലിച്ചിഴച്ചുമാറ്റാൻ ശ്രമിക്കുന്ന മൂത്തകുട്ടി. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ദൃശ്യങ്ങൾ രാജ്യത്തെ മറുനാടൻതൊഴിലാളി കുടുംബങ്ങളുടെ പലായനത്തിന്റെ ഹൃദയഭേദകമായ കാഴ്ചകളിലൊന്നായി. ഗുജറാത്തിൽനിന്നുള്ള തൊഴിലാളികളെ കയറ്റിയ ശ്രമിക് ട്രെയിനിൽ തിങ്കളാഴ്ചയാണ് 23-കാരി രണ്ടുകുട്ടികളുമായി സഹോദരിക്കും കുടുംബത്തിനുമൊപ്പം സ്വദേശമായ ബിഹാറിലെ കത്തിഹാറിലേക്ക് യാത്രതിരിച്ചത്. എന്നാൽ, ഭക്ഷണവും വെള്ളവുമില്ലാത്ത യാത്രയ്ക്കിടെ മുസഫർപുരിലെത്തിയപ്പൊഴേക്കും അവർ തളർന്നുവീണു. കൊടുംചൂടിൽ നിർജലീകരണം സംഭവിച്ച് വീണുമരിച്ച സ്ത്രീയുടെ മൃതദേഹവുമായി കുടുംബത്തെ റെയിൽവേ അധികൃതർ മുസഫർപുർ സ്റ്റേഷനിൽ ഇറക്കിവിടുകയായിരുന്നു. മുസഫർപുർ സ്റ്റേഷനിൽ മറ്റൊരു രണ്ടുവയസ്സുകാരൻ ഈയിടെ കടുത്തചൂടിൽ ഭക്ഷണവും വെള്ളവുംകിട്ടാതെ മരിച്ചിരുന്നു. ഡൽഹിയിൽനിന്നുള്ള തീവണ്ടിയിലെത്തിയ കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. കോവിഡ് വൈറസ് പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളാണ് ജോലിയും പണവുമില്ലാതെ തങ്ങളുടെ നാടുകളിലേക്കുമടങ്ങാൻ നിർബന്ധിതരായത്. ആയിരക്കണക്കിനു കിലോമീറ്ററുകൾ നടന്നും സൈക്കിൾ ചവിട്ടിയുമൊക്കെ തങ്ങളുടെ ഗ്രാമങ്ങളിലേക്കു തിരികെപ്പോകുന്ന ഇവരിൽപ്പലരും റോഡപകടങ്ങളിലും കൊടുംചൂടിൽ പട്ടിണികിടന്നും മരിക്കുന്നുണ്ട്. മേയ് മാസം ആദ്യം കേന്ദ്രസർക്കാർ ഇടപെട്ട് തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ശ്രമിക് ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും കേന്ദ്ര, സംസ്ഥാന - സർക്കാരുകളുടെ ഏകോപനത്തിലെ പിഴവുകൾമൂലം സർവീസുകൾ മുടങ്ങുന്നത് തൊഴിലാളികളെ വലയ്ക്കുകയാണ്. വാരാണസിയിൽ ശ്രമിക് തീവണ്ടിയിൽ രണ്ടുപേർ മരിച്ചനിലയിൽ വാരാണസി: മുംബൈയിൽനിന്നു പുറപ്പെട്ട ശ്രമിക് തീവണ്ടിയിൽ ബുധനാഴ്ച രാവിലെയോടെ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. വാരാണസിയിലെ മംഡുവാഡീഹ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരിറങ്ങിയശേഷം തീവണ്ടി വൃത്തിയാക്കാനെത്തിയ റെയിൽവേ ജീവനക്കാരാണ് ഇവ കണ്ടത്. മരിച്ച ഒരാൾ ബദ്ലാപുർ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ദഷ്റത് പ്രജാപതി (20)യാണെന്ന് തിരിച്ചറിഞ്ഞു. വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇയാൾ. പോസ്റ്റ്മോർട്ടത്തിനും പരിശോധനകൾക്കുംശേഷം ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. Content Highlight: Baby tries to wake dead mother in Bihars Muzaffarpur


from mathrubhumi.latestnews.rssfeed https://ift.tt/2yEJUqV
via IFTTT