Breaking

Friday, May 29, 2020

ഒരു യുഗത്തിന് വിട...

കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും പാർലമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാർ എം.പി.(84) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രി 11.30-ഓടെയായിരുന്നു അന്ത്യം. ദീർഘകാലം ജനതാദൾ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാർ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.1937 ജൂലായ് 22-ന് വയനാട്ടിലെ കല്പറ്റയിൽ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി ജനിച്ചു. വയനാട്ടിൽ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളേജിൽനിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം.ബി.എ. ബിരുദവും നേടി.തുടർന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനിടെയാണ് 1979 നവംബർ 11-ന് മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്.ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ, ജനതാദൾ(യു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. 1992-’93, 2003-’04, 2011-’12 കാലയളവിൽ പി.ടി.ഐ. ചെയർമാനും 2003-’04-ൽ ഐ.എൻ.എസ്. പ്രസിഡന്റുമായിരുന്നു.സ്കൂൾവിദ്യാർഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തു. 1987-ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങൾ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-’09 കാലത്ത് പാർലമെന്റ് അംഗമായും പ്രവർത്തിച്ചു.ഒട്ടേറെ സാഹിത്യകൃതികളുടെ കർത്താവാണ്. ഹൈമവതഭൂവിൽ, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങൾ സ്മരണകൾ, ആത്മാവിലേക്ക് ഒരു തീർഥയാത്ര, ഡാന്യൂബ് സാക്ഷി, ഹൈമവതഭൂവിൽ, സ്മൃതിചിത്രങ്ങൾ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങിയവ ഗ്രന്ഥങ്ങളിൽ ചിലതാണ്.മതസൗഹാർദ പ്രവർത്തനങ്ങളെ മുൻനിർത്തി കേരള മുസ്‌ലിം കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ്‌കോയ പുരസ്കാരം (1991), കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്‌മെന്റ് അവാർഡ് (1995), സി. അച്യുതമേനോൻ സാഹിത്യ പുരസ്കാരം (1995), മഹാകവി ജി. സ്മാരക അവാർഡ് (1996), ഓടക്കുഴൽ അവാർഡ് (1997), സഹോദരൻ അയ്യപ്പൻ അവാർഡ് (1997), കേസരി സ്മാരക അവാർഡ് (1998), നാലപ്പാടൻ പുരസ്കാരം (1999), അബുദാബി ശക്തി അവാർഡ് (2002), കെ. സുകുമാരൻ ശതാബ്ദി അവാർഡ് (2002), വയലാർ അവാർഡ് (2008), ഡോ. ശിവരാം കാരന്ത് അവാർഡ് (2009), സി. അച്യുതമേനോൻ ഫൗണ്ടേഷന്റെ കെ.വി. സുരേന്ദ്രനാഥ് അവാർഡ് (2009), ബാലാമണിയമ്മ പുരസ്കാരം (2009), കേശവദേവ് സാഹിത്യപുരസ്കാരം, കെ.പി. കേശവമേനോൻ പുരസ്കാരം (2010), കെ.വി. ഡാനിയൽ അവാർഡ് (2010), ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2010), ഡോ. സി.പി. മേനോൻ അവാർഡ്, ഫാദർ വടക്കൻ അവാർഡ് (2010), മള്ളിയൂർ ഗണേശപുരസ്കാരം (2011), അമൃതകീർത്തി പുരസ്കാരം (2011), സ്വദേശാഭിമാനി പുരസ്കാരം (2011), ഡോ. കെ.കെ. രാഹുലൻ സ്മാരക അവാർഡ് (2012), കല (അബുദാബി) മാധ്യമശ്രീ പുരസ്കാരം (2012), ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോൻ പുരസ്കാരം (2013) കെ.കെ.ഫൗണ്ടേഷൻ അവാർഡ്(2014) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഹൈമവതഭൂവിലിന്റെ ഹിന്ദി, തമിഴ് പരിഭാഷകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യ: ഉഷ വീരേന്ദ്രകുമാർ. മക്കൾ: എം.വി. ശ്രേയാംസ്‌കുമാർ (മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കൾ: കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (െബംഗളൂരു), എം.ഡി. ചന്ദ്രനാഥ് (വയനാട്).ബഹുരാഷ്ട്രക്കുത്തകകൾക്കെതിരായ പോരാട്ടത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി നിലപാടുകളിലൂടെയും ശ്രദ്ധേയനായ ജനകീയനേതാവാണ് വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് ആദർശങ്ങൾ നെഞ്ചേറ്റിയ രാഷ്ട്രീയനേതാവിയിരിക്കെത്തന്നെ എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായി അദ്ദേഹം കേരളീയസമൂഹത്തിന് വഴികാട്ടി. പ്ലാച്ചിമട ഉൾപ്പെടെ ജലചൂഷണത്തിനെതിരേ അദ്ദേഹം നേതൃത്വം നൽകിയ പോരാട്ടത്തിനൊടുവിൽ കോളക്കമ്പനികൾക്ക് പ്ലാന്റുകൾ അടച്ചുപൂട്ടേണ്ടിവന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കു വന്ന അദ്ദേഹം ഇ.എം.എസ്., എ.കെ. ഗോപാലൻ തുടങ്ങിയവരുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലർത്തി. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജയിൽവാസമനുഷ്ഠിച്ചു. തുടക്കംമുതൽ ഇടതുമുന്നണിക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം അല്പകാലം മുന്നണി കൺവീനറുമായിരുന്നു. ഇടക്കാലത്ത് ഐക്യജനാധിപത്യമുന്നണിക്കൊപ്പം ചേർന്നെങ്കിലും വൈകാതെ ഇടതുമുന്നണിയിലേക്കു തിരിച്ചെത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2AdXQIV
via IFTTT