താൻ അഭിനയിച്ച കുഞ്ഞുസിനിമയുടെ ക്ലൈമാക്സിലേതുപോലെ ബൈക്കപകടത്തിൽത്തന്നെ ഗോഡ്ഫ്രേ (36) യാത്രയായി. നാലുവർഷംമുൻപ് സിനിമയ്ക്കുവേണ്ടി അപകടരംഗം ചിത്രീകരിച്ചതിന് അടുത്തുതന്നെയായിരുന്നു അപകടം. സെമിത്തേരിയിലേക്കുള്ള നായകന്റെ അന്ത്യയാത്രയിൽ ആംബുലൻസ് ഓടിച്ചത് സിനിമയിലെ അതേ ഡ്രൈവർ തന്നെ. കഴിഞ്ഞദിവസം തൃക്കടവൂർ പൊട്ടൻമുക്കിനടുത്ത് ബൈക്കപകടത്തിൽ മരിച്ച ചവറ ഭരണിക്കാവ് പി.ജെ. ഹൗസിൽ ഗോഡ്ഫ്രേയുടെ അന്ത്യരംഗത്തിന് അവൻ നായകനായി അഭിനയിച്ച സിനിമയുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ട്. നാലുവർഷം മുൻപായിരുന്നു 'ദി ലവേഴ്സ്' എന്ന സിനിമയുടെ ഷൂട്ടിങ്. അപകടത്തിൽപ്പെട്ട് മരിക്കുന്ന യുവാവിന്റെ അവയവദാനമായിരുന്നു പ്രമേയം. സിനിമയ്ക്കുവേണ്ടി ശവസംസ്കാരച്ചടങ്ങ് ചിത്രീകരിക്കാൻ ക്രമീകരണങ്ങൾ ചെയ്തത്, ഗോഡ്ഫ്രേയുടെ വല്യമ്മ പ്രാക്കുളം സ്വദേശിനിയായ ബ്രിജിത്തായിരുന്നു. ഗോഡ്ഫ്രേ ശവപ്പെട്ടിയിൽ കിടക്കുന്ന രംഗം ചിത്രീകരിച്ചപ്പോൾ ബ്രിജിത്ത് വാവിട്ട് നിലവിളിച്ചു. 'എന്റെ കുഞ്ഞിനെ അങ്ങനെ കിടത്തരുതേ'യെന്ന് വിലപിക്കുകയും ചെയ്തു. പ്രാക്കുളത്തെ വീട്ടിലെത്തി, വളർത്തമ്മകൂടിയായ മാതൃസഹോദരിയെ കണ്ട് മടങ്ങുംവഴിയാണ് ഗോഡ്ഫ്രേയുടെ ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചത്. രക്തംവാർന്ന് റോഡിൽ കിടന്നതിനാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സിനിമയിൽ നായകന്റെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ പന്മന പുത്തൻചന്ത സ്വദേശി അബ്ദുൾ സലീം തന്നെയാണ് കഴിഞ്ഞദിവസം മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. ഷൂട്ടിങ് സമയത്ത് നായകന്റെ മൃതദേഹത്തിൽ വസ്ത്രങ്ങളണിയിച്ചത് അബ്ദുൾ സലീമായിരുന്നു. കഴിഞ്ഞദിവസം വീട്ടുകാരുടെ നിർബന്ധപ്രകാരം സലീം തന്നെ ഗോഡ്ഫ്രേയുടെ മൃതദേഹത്തിൽ അതേ വസ്ത്രങ്ങൾ അണിയിച്ചപ്പോൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനഞ്ഞു. Content Highlights:Godfrey malayalam actor bike accident death, lovers malayalam movie
from mathrubhumi.latestnews.rssfeed https://ift.tt/3diAdh9
via
IFTTT