Breaking

Friday, May 29, 2020

അപൂർണമായ യാത്രാസ്മരണകളോടെ അവസാന യാത്ര...

കോഴിക്കോട്‌: എം.പി. വീരേന്ദ്രകുമാർ 84-ാം വയസ്സിൽ ജീവിതത്തിൽനിന്ന്‌ വിടവാങ്ങുമ്പോൾ അപൂർണമായി അവശേഷിക്കുകയാണ്‌, രണ്ട്‌ കൃതികൾ. 2009-ൽ നടത്തിയ ഫിൻലൻഡ്‌ യാത്രയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളടങ്ങിയ, ഇനിയും പേരിടാത്ത പുസ്തകത്തിന്റെ രചനയിലും ‘ഡാന്യൂബ്‌ സാക്ഷി’യുടെ രണ്ടാം ഭാഗത്തിന്റെ രചനയ്ക്കുള്ള ഒരുക്കത്തിലുമായിരുന്നു അവസാനകാലത്ത്‌ അദ്ദേഹം.എസ്‌.കെ. പൊറ്റെക്കാട്ടിന്റെ ‘പാതിരാസൂര്യന്റെ നാട്ടിൽ’ എന്ന യാത്രാവിവരണഗ്രന്ഥത്തിലൂടെ മലയാളികൾ അറിഞ്ഞ ഫിൻലൻഡിൽ, എം.പി. വീരേന്ദ്രകുമാർ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളാണ്‌ അപൂർണമായ പുതിയ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്‌.ലോകോത്തര മാതൃകയായ ഫിന്നിഷ്‌ വിദ്യാഭ്യാസത്തെക്കുറിച്ച്‌ സമഗ്രമായി വിവരിക്കുന്നുണ്ട്‌. ഏഴുവയസ്സുവരെ കളിയിലൂടെയുള്ള പഠനത്തിനാണ്‌ ഫിൻലൻഡിൽ പ്രാധാന്യം നൽകുന്നത്‌.‘‘ഫിൻലൻഡിലെ ജീവിതം മരണത്തിന്റെയും പുനർജനിയുടെയും ഒരു ചാക്രിക പ്രക്രിയയാണ്‌...’’ എന്നിങ്ങനെ ഫിന്നിഷ്‌ ജീവിതത്തെയും പ്രകൃതിയെയും വീരേന്ദ്രകുമാർ വിവരിക്കുന്നു.ഫിന്നിഷ്‌ രാഷ്ട്രീയചരിത്രം ലളിതമായ വാക്കുകളിൽ കോറിയിടുന്നു. 1939-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഫിന്നിഷ്‌ എഴുത്തുകാരൻ ഈമിൽ സില്ലൻപ ഉൾപ്പെടെയുള്ള എഴുത്തുകാരും അവരുടെ രചനകളും സവിസ്തരം പരാമർശിക്കപ്പെടുന്നു.‘‘ജനങ്ങൾക്ക്‌ മനസ്സിലാവുന്ന ലളിതമായ ഭാഷയിലാവണം എഴുത്തെന്ന്‌ അദ്ദേഹം എപ്പോഴും പറയും. വൈവിധ്യമാർന്ന വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യവും അപാരമായ ഓർമശക്തിയും അമ്പരിപ്പിക്കുന്നതാണ്‌...’’- പുസ്തകത്തിന്റെ കേട്ടെഴുത്ത്‌ നിർവഹിക്കുന്ന ‘മാതൃഭൂമി’ സീനിയർ സബ്‌ എഡിറ്റർ ടി. ഷിനോദ്‌കുമാർ പറയുന്നു.‘‘യുക്രൈൻ, പോളണ്ട്‌, ജോർദാൻ, തുർക്കി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഉൾപ്പെടുത്തി, ‘ഡാന്യൂബ്‌ സാക്ഷി’യുടെ രണ്ടാം ഭാഗത്തിന്റെ തയ്യാറെടുപ്പിലുമായിരുന്നു. അദ്ദേഹം. ഇതിനു പുറമേ വിവേകാനന്ദൻ: സന്ന്യാസിയും മനുഷ്യനും എന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ ഇംഗ്ളീഷ്‌ മൊഴിമാറ്റം നടന്നുകൊണ്ടിരിക്കുകയുമാണ്‌...’’ -മാതൃഭൂമി റിസർച്ച്‌ മാനേജരും വീരേന്ദ്രകുമാറിന്റെ സന്തതസഹചാരിയുമായ സുധീർ ദേവദാസ്‌ പറഞ്ഞു.ഒട്ടേറെ രാജ്യങ്ങൾ സന്ദർശിക്കുകയും ലാളിത്യത്തിന്റെ മധുരം നിറഞ്ഞ ഭാഷയിൽ അവിടങ്ങളിലെ ജീവിതം ആവിഷ്കരിക്കുകയും ചെയ്ത എം.പി. വീരേന്ദ്രകുമാറിന്റെ അപൂർണമായ ഈ യാത്രയോർമകൾ ചരിത്രത്തിൽ അനശ്വരമായ ഇടം തേടുകയാണ്‌.


from mathrubhumi.latestnews.rssfeed https://ift.tt/2XbTtHh
via IFTTT