Breaking

Thursday, May 28, 2020

അഹമ്മദാബാദ്-ഗുവാഹാത്തി വിമാനത്തിലെ രണ്ട് യാത്രക്കാര്‍ക്ക് കോവിഡ്; ജീവനക്കാർ ക്വാറന്റീനിൽ

അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്ന് ഗുവാഹാത്തിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെ രണ്ട് യാത്രക്കാർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. രാജ്യത്ത് വ്യോമഗതാഗതം പുനരാരംഭിച്ച മെയ് 25 ന് ഡൽഹി വഴി ഗുവാഹത്തിയിലേക്ക് പോയ വിമാനത്തിലെ യാത്രക്കാർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് സ്പൈസ്ജെറ്റ് ബുധനാഴ്ച അറിയിച്ചു. ഗുവാഹത്തിയിൽ വിമാനമിറങ്ങിയ യാത്രക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം ബുധനാഴ്ച ലഭിച്ചതായും ഇതിൽ രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും സ്പൈസ്ജെറ്റ് വക്താവ് വ്യക്തമാക്കി. വിമാനത്തിലെ ജീവനക്കാർ ക്വാറന്റീനിലാണെന്നും സഹയാത്രക്കാരെ കുറിച്ചുള്ള വിവരം സർക്കാർ ഏജൻസികൾക്ക് കൈമാറിയതായും വക്താവ് കൂട്ടിച്ചേർത്തു. മെയ് 25 ന് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത ഒരാൾക്ക് അന്ന് വൈകുന്നേരം കോവിഡ് ബാധ സ്ഥിരീകരിച്ചതായി വിമാനക്കമ്പനി വക്താവ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഡൽഹിയിൽ നിന്ന് ലുധിയാനയിലേക്കുള്ള വിമാനത്തിലെ ഒരു യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വിമാനത്തിലെ 41 യാത്രക്കാരേയും അഞ്ച് ജീവനക്കാരേയും ക്വാറന്റീൻ ചെയ്തതായി എയർ ഇന്ത്യയും ബുധനാഴ്ച അറിയിച്ചിരുന്നു. കൊറോണവൈറസ് വ്യാപനഭീഷണിയെ തുടർന്ന് മാർച്ച് 25 മുൽ മെയ് 24 വരെ ഇന്ത്യയിൽ വ്യോമഗതാഗതം നിർത്തി വെച്ചിരുന്നു. തിങ്കളാഴ്ച എല്ലാ പ്രമുഖ നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാനസർവീസ് പുനരാരംഭിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2XcH3PH
via IFTTT