Breaking

Saturday, May 30, 2020

ഉത്രയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കലും

കൊല്ലം: ഉത്ര കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. ഉത്രയെ ഭർത്താവ് സൂരജ് കൊന്നതിന് പിന്നിൽ ഇൻഷൂറൻസ് തുക തട്ടിയെടുക്കുക എന്ന ലക്ഷ്യംകൂടി ഉണ്ടായിരുന്നതായിസൂചന. ഉത്രയുടെ പേരിൽ ഭീമമായ തുകയ്ക്ക് ഇൻഷൂറൻസ് എടുത്തിരുന്നതായി പോലീസിന് സൂചന ലഭിച്ചു. ഇൻഷൂറൻസ് സംബന്ധിച്ച രേഖകൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. ഉത്രയുടെ വീട്ടുകാരുമായി ഇക്കാര്യം പോലീസ് സംസാരിച്ചിട്ടുണ്ട്. ഉത്ര കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ഇൻഷൂറൻസ് എടുത്തെതെന്നാണ് സൂചന. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ലക്ഷ്യംതന്നെയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇൻഷൂറൻസ് സംബന്ധിച്ച സൂചന ലഭിച്ചത്. ഇതിനിടെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ പോലീസ് ആവശ്യപ്പെടും. വനംവകുപ്പും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. നാല് കേസുകൾ വനംവകുപ്പ് പ്രതികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം നിലവിൽ പ്രതിപ്പട്ടികയിലുള്ള പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷ് കുമാറിനെ മാപ്പുസാക്ഷിയാക്കാനാണ് സാധ്യത. സൂരജിന് പാമ്പുകളെ കൈമാറിയ സുരേഷിന്റെ പേരിൽ കൊലപാതകത്തിനുള്ള ആയുധം നൽകിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആദ്യം അണലിയെ നൽകിയപ്പോൾ അറിഞ്ഞിരുന്നില്ലെങ്കിലും മൂർഖൻ പാമ്പിനെ നൽകിയപ്പോൾ എന്തിനാണെന്ന ധാരണ സുരേഷിന് ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം.


from mathrubhumi.latestnews.rssfeed https://ift.tt/3ce2fcg
via IFTTT