Breaking

Thursday, May 28, 2020

ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് ഒമ്പതു വിമാനം

ദുബായ്: വന്ദേഭാരത് ദൗത്യത്തിൽ വ്യാഴാഴ്ച ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഒമ്പതു വിമാനം പറക്കും. ആയിരത്തറുനൂറിലേറെ പ്രവാസികൾകൂടിയാണ് ഇതോടെ കേരളത്തിലെത്തുക. അഞ്ച് വിമാനം യു.എ.ഇ.യിൽനിന്നാണ്. ഇവയിൽ എണ്ണൂറിലേറെപ്പേർ കേരളത്തിലെത്തും. ദുബായിൽനിന്ന് കേരളത്തിലെ എല്ലാ റൂട്ടുകളിലേക്കും വ്യാഴാഴ്ച സർവീസുണ്ട്. അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും സർവീസുണ്ടാകും.ദുബായ്-കൊച്ചി ഐ.എക്സ്. 1434 പ്രാദേശികസമയം രാവിലെ 11.50-ന് പുറപ്പെടും. ഉച്ചയ്ക്ക് 12.50-ന് ദുബായ്-കണ്ണൂർ ഐ.എക്സ്. 1746, 3.20-ന് ദുബായ്-കോഴിക്കോട് ഐ.എക്സ്. 1344, വൈകീട്ട് 5.20-ന് ദുബായ്-തിരുവനന്തപുരം ഐ.എക്സ്. 1540, ഉച്ചയ്ക്ക് 1.50-ന് അബുദാബി-കൊച്ചി ഐ.എക്സ്. 1452 വിമാനവും യാത്രതിരിക്കും. കുവൈത്ത്, മസ്‌കറ്റ്, ബഹ്‌റൈൻ, സലാല എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് വിമാനസർവീസുണ്ട്. കുവൈത്ത്-തിരുവനന്തപുരം ഐ.എക്സ്. 1596 പ്രാദേശികസമയം രാവിലെ 11.20-നും മസ്‌കറ്റ്-കോഴിക്കോട് ഐ.എക്സ്. 1350 രണ്ടുമണിക്കും ബഹ്‌റൈൻ-കൊച്ചി ഐ.എക്സ്. 1474 ഉച്ചയ്ക്ക് 2.10-നും സലാല-കണ്ണൂർ ഐ.എക്സ്. 1342 ഉച്ചകഴിഞ്ഞ് 3.10-നും തിരിക്കും. ദുബായ്-ഹൈദരാബാദ്-മുംബൈ റൂട്ടിലും വ്യാഴാഴ്ച സർവീസുണ്ട്. എയർഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ്. 1248 ഉച്ചയ്ക്ക് 1.50-ന് ദുബായിൽനിന്ന് ഹൈദരാബാദിലേക്ക് തിരിക്കും.വിമാനത്താവളത്തിലെ ക്രമീകരണങ്ങൾക്കനുസരിച്ച് സമയക്രമങ്ങളിൽ നേരിയ വ്യത്യാസമുണ്ടാകാം. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കോവിഡ്-19 റാപ്പിഡ് ടെസ്റ്റും തെർമൽ സ്‌കാനിങും ഉണ്ടായിരിക്കും. യാത്രക്കാർ നാലുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിയിരിക്കണം. 27 ആഴ്ചയോ അതിൽക്കൂടുതലോ ആയ ഗർഭിണികൾ 72 മണിക്കൂർവരെ സാധുതയുള്ള ഫിറ്റ് ടു ഫ്ളൈ സർട്ടിഫിക്കറ്റ് കരുതണം. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ നേരിട്ടെത്തി യാത്രക്കാർക്കുവേണ്ട നിർദേശങ്ങൾ നൽകും.


from mathrubhumi.latestnews.rssfeed https://ift.tt/3c3Tgu0
via IFTTT