Breaking

Thursday, May 28, 2020

വെട്ടുകിളികളെ നശിപ്പിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാന്‍ തീരുമാനം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വൻനാശം വിതച്ച വെട്ടുകിളികളുടെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി കേന്ദ്ര സർക്കാർ ബുധനാഴ്ച അറിയിച്ചു. വെട്ടുകിളികൾക്കെതിരെ കീടനാശിനി തളിക്കാൻ ഉടൻ ഡ്രോണുകളെ വിന്യസിക്കുമെന്നും കേന്ദ്രം പറഞ്ഞു. പ്രധാനമായും രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത്.രാജസ്ഥാനിലെ 21 ജില്ലകളിലും, മധ്യപ്രദേശിൽ 18 ജില്ലകളിലും, ഗുജറാത്തിലെ രണ്ടുജില്ലകളിലും പഞ്ചാബിലെ ഒരു ജില്ലയിലും വെട്ടുകിളി നിയന്ത്രണത്തിനായി ഇതിനകം നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചു. നാലുസംസ്ഥാനങ്ങളിലായി 47,308 ഹെക്ടർ പ്രദേശങ്ങളിൽ ഇതിനകം വെട്ടുകിളി ശല്യം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കാർഷിക വിളകൾ നശിപ്പിച്ച ശേഷം ഇവ ഉത്തർപ്രദേശിലെ ഝാൻസിയിലേക്കാണ് പ്രവേശിച്ചത്. കഴിഞ്ഞ 26 വർഷത്തിനിടയിൽ ആദ്യമായാണ് വെട്ടുകിളിശല്യം ഇത്ര രൂക്ഷമാകുന്നത്. ഇത് ഒരു പുതിയ പ്രശ്നമല്ല. ഞങ്ങൾ വളരെക്കാലമായി ഇത് അഭിമുഖീകരിക്കുന്നുണ്ട്. ഈ വർഷം കഴിഞ്ഞ 26 വർഷത്തേക്കാൾ രൂക്ഷമായ വെട്ടുകിളിശല്യമാണ് ഉണ്ടായത്. ഫരീദാബാദിലുള്ള ലോകസ്റ്റ് വാണിങ് ഓർഗനൈസേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മതിയായ തീറ്റ കണ്ടെത്താൻ സാധിക്കാതെ വരുമ്പോൾ കാറ്റിന്റെ സഹായത്തോടെ മറ്റുപ്രദേശങ്ങളിലേക്ക് ഇവ നീങ്ങുമെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. 40,000 ഹെക്ടർ കൃഷിയിടത്തിൽ വെട്ടുകിളികളുടെ ആക്രമണമുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡയറക്ടർ ജനറൽ ത്രിലോചൻ മൊഹപത്ര പറഞ്ഞു. എന്നാൽ റാബി വിളകളായ ഗോതമ്പ്, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയെ ഇവ ആക്രമിക്കുന്നില്ല. വെട്ടുകിളികളുടെ പ്രജനനകാലമായ ജൂൺ-ജൂലൈ മാസങ്ങളിൽ മഴക്കാലത്തിന് മുമ്പുള്ള ഇവയെ തടയാനാണ് ശ്രമം. ഇവയുടെ ശല്യം തടയാനായില്ലെങ്കിൽ അത് ഖരീഫ്വിളകൾക്ക് ഭീഷണിയുയർത്തുമെന്നും മൊഹപത്ര പറയുന്നു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോൺ എന്ന കമ്പനിയിൽ നിന്ന് 60 സ്പ്രേയിങ് മെഷീൻ വാങ്ങുന്നതിനുള്ള ശ്രമം സർക്കാർ ആരംഭിച്ചതായി കൃഷി മന്ത്രാലയം പറഞ്ഞു. കീടനാശിനികൾ നല്ല ഉയരത്തിൽ തളിക്കുന്നതിനായുള്ള ഡ്രോണുകളുടെ വിതരണത്തിന് രണ്ടു സ്ഥാപനങ്ങളെ തീരുമാനിച്ചിട്ടുമുണ്ട്. ആഫ്രിക്കയിൽനിന്നു തുടങ്ങി ബലൂചിസ്താനിലും ഇറാനിലും പാകിസ്താനിലും മുട്ടയിട്ടുപെരുകി രാജസ്ഥാൻ മരുഭൂമിയിലൂടെയാണ് വെട്ടുകിളികൾ ഇന്ത്യയിലെത്തിയത്. കൂട്ടമായി വരും, തിന്നുമുടിക്കും *വെട്ടുകിളിയുടെ കൂട്ടം ഒരു ദിവസം 130 മുതൽ 150 കിലോമീറ്റർവരെ സഞ്ചരിക്കും. ദശലക്ഷക്കണക്കിനു വെട്ടുകിളികളാണ് ഒരു കൂട്ടത്തിലുണ്ടാവുക. ഒരു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഒരു കൂട്ടത്തിൽ 40 മുതൽ 80 വരെ ദശലക്ഷം വെട്ടുകിളികൾ ഉണ്ടാവും. * 35,000 ആളുകൾക്കുവേണ്ട ഭക്ഷണം ഒരു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വെട്ടുകിളിക്കൂട്ടം ഒരുദിവസം തിന്നുതീർക്കും. മൂന്നുമുതൽ അഞ്ചുമാസംവരെയാണ് ഇവയുടെ ആയുസ്സ് എന്നതിനാൽ അതു കാർഷികമേഖലയ്ക്ക് കനത്ത ആഘാതം ഉണ്ടാക്കും. * കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, എത്യോപിയ, സൊമാലിയ എന്നിവിടങ്ങളിൽ വെട്ടുകിളികൾ നാശം വിതച്ചതിനാൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. സൗദി അറേബ്യ, ഇറാൻ, പാകിസ്താൻ എന്നിവിടങ്ങളിലും ഇവയുടെ ഭീഷണിയുണ്ട്. * കാലാവസ്ഥാ വ്യതിയാനം ഭാവിയിൽ കൂടുതൽ വെട്ടുകിളി ആക്രമണത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഉയർന്ന താപനില, മഴക്കുറവ് എന്നിവകാരണം ഇടയ്ക്കിടെ ഇവയുടെ കൂട്ടം എത്തിയേക്കാം. * മനുഷ്യരെ ആക്രമിക്കുകയോ രോഗം പരത്തുകയോ ചെയ്യുന്നില്ല. പക്ഷേ, കാർഷികമേഖലയെ തകർത്തുകൊണ്ട് ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കുകയും ഭക്ഷ്യക്ഷാമം വരുത്തുകയും പരിസ്ഥിതിക്ക് ദോഷം വരുത്തുകയും ചെയ്യുമെന്ന് ലോക ഭക്ഷ്യ-കാർഷിക സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. Content Highlights:Locust swarms attack in north India


from mathrubhumi.latestnews.rssfeed https://ift.tt/2TKDuOa
via IFTTT